ഏതെങ്കിലും വ്യക്തിയുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭാഗമല്ല രാജ്യത്തെ സെെനിക വിഭാഗങ്ങളെന്നും രാമദാസ് പറഞ്ഞു. രാജ്യത്തെ സെെനിക വിഭാഗങ്ങള്‍ സ്വകാര്യ സേനകളല്ല

ലക്നൗ: സെെനിക വിഭാഗങ്ങളെ 'മോദിജി കി സേന'(മോദിയുടെ സേന) എന്ന് വിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുന്‍ നാവിക സേന ചീഫ് അഡ്മിറല്‍ എല്‍ രാംദാസ്. ഞായറാഴ്ച റാലിയില്‍ പ്രസംഗിക്കുമ്പോള്‍ യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ഏതെങ്കിലും വ്യക്തിയുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭാഗമല്ല രാജ്യത്തെ സെെനിക വിഭാഗങ്ങളെന്നും രാംദാസ് പറഞ്ഞു. രാജ്യത്തെ സെെനിക വിഭാഗങ്ങള്‍ സ്വകാര്യ സേനകളല്ല. അത് ഏതെങ്കിലും വ്യക്തിയുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടേതുമല്ല. അതിനാല്‍ ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സെെനിക വിഭാഗങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ കഴിഞ്ഞ മാസവും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രാംദാസ് പരാതി നല്‍കിയിരുന്നു. സെെനിക വിഭാഗങ്ങളുടെ ചിത്രങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെയും രാംദാസ് പ്രകീര്‍ത്തിച്ചു.

കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് ബിരിയാണി വച്ച് നല്‍കുമ്പോള്‍ മോദിയുടെ ആര്‍മി വെടിയുണ്ടകളും ബോംബുകളുമാണ് അവര്‍ക്ക് നല്‍കുന്നതെന്നാണ് യോഗി ആദിത്യനാഥ് റാലിയില്‍ പറഞ്ഞത്. ഇതാണ് വ്യത്യാസം. കോണ്‍ഗ്രസിന്‍റെ ആളുകള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അസര്‍ മസൂദിനെ പോലെയുള്ളവരെ അവര്‍ ജി എന്ന് വിളിക്കുന്നു. മോദിയുടെ നേതൃത്വത്തില്‍ ഭീകരവാദികളുടെ താവളങ്ങള്‍ നശിപ്പിക്കുകയാണെന്നും യോഗി പറഞ്ഞു. ഈ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.