യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‍പെൻഡ് ചെയ്തുവെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വാര്‍ത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ലക്നൗ: ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാല് റെയിൽവേ ഉദ്യോഗസ്ഥര്‍ക്ക് സസ്‍പെൻഷൻ. ഉത്തര്‍പ്രദേശിലെ ബാരാബാങ്കി റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തുവെന്ന യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‍പെൻഡ് ചെയ്തുവെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വാര്‍ത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഏപ്രിൽ 13 മുതൽ ഷിഫ്റ്റ് മാറിയതിനെ തുടര്‍ന്നാണ് മോദിയുടെ ചിത്രമുള്ള പഴയ ടിക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ വീണ്ടും വിതരണം ചെയ്തത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ വിവരങ്ങളാണ് മോദിയുടെ ചിത്രത്തിനൊപ്പം ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ടിക്കറ്റിന്റെ ഇരുഭാ​ഗങ്ങളിലും പദ്ധതിയെക്കുറിച്ച് വളരെ വിശദീകരിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്ള ടിക്കറ്റുകള്‍ നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാസം മോദിയുടെ ചിത്രമുള്ള ചായക്കപ്പുകള്‍ ട്രെയിനിൽ വിതരണം ചെയ്തതിനെ തുടര്‍ന്ന് റെയിൽവേ ഒരു ലക്ഷം രൂപ കാറ്ററിംങ് കോൺട്രോക്ടര്‍ക്ക് പിഴയിട്ടിരുന്നു. റെയിൽ ടിക്കറ്റുകളിൽ നിന്നും ബോർഡിങ് പാസുകളിൽ നിന്നും ചിത്രങ്ങൾ‌ നീക്കം ചെയ്യണമെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകിയിരുന്നു.