ദില്ലി: ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ വക്കീൽ നോട്ടീസയച്ചു. അ​ര​വി​ന്ദ് കെജ്രിവാൾ, മ​നീ​ഷ് സി​സോ​ദി​യ, അ​തി​ഷി എ​ന്നി​വ​ർ​ക്കാ​ണ് ഗംഭീര്‍ നോ​ട്ടീ​സ് അ‍​യ​ച്ച​ത്. അപമാനിക്കുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് എഎപി സ്ഥാനാര്‍ത്ഥി അതിഷി ആരോപിച്ചതിന് പിന്നാലെയാണ് ​ഗംഭീറിന്റെ നടപടി. ഈ ആരോപണം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് ​ഗംഭീറിന്റെ ആവശ്യം.

ഗംഭീര്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തെന്നാണ് അതിഷിയുടെ ആരോപണം. ലഘുലേഖയുടെ ഉള്ളടക്കം കണ്ടപ്പോള്‍ വളരെ വേദന തോന്നി. ഗംഭീറിനെ പോലുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരാകും? തന്നെ ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖയാണ് വിതരണം ചെയ്തതെന്നും അതിഷി പ്രതികരിച്ചിരുന്നു. ഇതോടെയാണ് ആം ​ആ​ദ്മി നേ​താ​ക്ക​ൾ​ക്കെ​തി​രെ നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഗംഭീർ തീ​രു​മാ​നിച്ചത്.

ലഘുലേഖകള്‍ വിതരണം ചെയ്തത് തന്‍റെ അറിവോടെയാണെന്ന് തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം താന്‍ പിന്‍വലിക്കുമെന്ന് ഗംഭീര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതല്ല മറിച്ചാണെങ്കില്‍ അതിഷി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമോയെന്നും ഗംഭീര്‍ ചോദിച്ചു. ഞായറാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍  ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്തതെന്നും അതിഷി ആരോപിച്ചിരുന്നു.