തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 75 ലക്ഷം രൂപ നൽകുക അല്ലെങ്കിൽ തന്റെ വൃക്ക വിൽക്കാൻ അനുവദിക്കണമെന്ന് ജില്ലാ തെരഞ്ഞടുപ്പ് ഉദ്യോ​ഗസ്ഥൻ ദീപക് ആര്യന് അയച്ച കത്തിൽ കിഷോർ ആവശ്യപ്പെട്ടു.

ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 75 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥി. മധ്യപ്രദേശിലെ ബലാ​ഘട്ടിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സമാജ്‍വാദി പാർട്ടി എംഎൽയുമായ കിഷോർ സമ്രിതെയാണ് സഹായവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 75 ലക്ഷം രൂപ നൽകുക അല്ലെങ്കിൽ തന്റെ വൃക്ക വിൽക്കാൻ അനുവദിക്കണമെന്ന് ജില്ലാ തെരഞ്ഞടുപ്പ് ഉദ്യോ​ഗസ്ഥൻ ദീപക് ആര്യന് അയച്ച കത്തിൽ കിഷോർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ, മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി 75 ലക്ഷം വരെ ചെലവഴിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുണ്ട്. എന്റെ കയ്യിൽ അത്രയും പണമില്ല. അതിനാൽ 75 ലക്ഷം രൂപ നൽകുക അല്ലെങ്കിൽ ഏതെങ്കിലും ബാങ്കിനോട് എനിക്ക് ‌വായ്പ തരാൻ പറയുക. അതുമല്ലെങ്കിൽ എന്റെ വൃക്ക വിൽക്കുന്നതിനുള്ള അനുവാദം നൽണമെന്നും കിഷോർ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനാവശ്യമായ ഫണ്ട് ശേഖരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് സഹായാഭ്യാർത്ഥനയുമായി കിഷോർ കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഇനി 15 ദിവസം കൂടിയെ ബാക്കിയുള്ളു. ഇത്രയും ചെറിയ കലാവധിയിൽ 75 ലക്ഷം രൂപ ശേഖരിക്കാൻ കഴിയില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സഹായമഭ്യർത്ഥിച്ചത്. മണ്ഡലത്തിൽ തനിക്കെതിരെ മത്സരിക്കുന്നവരെല്ലാം അഴിമതിക്കാരാണ്. അവർ നാട്ടുകാരുടെ പണം അപഹരിക്കുന്നു. താൻ ജയിച്ചാൽ മണ്ഡ‍ലത്തിൽ‌ വികസനം കൊണ്ടുവരുകയും സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുമെന്നും കിഷോർ പറഞ്ഞു.