മോദിയുടേയും വിജയ് രൂപാനിയുടേയും ചിത്രങ്ങൾക്ക് പുറമെ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ പരസ്യം ഉൾപ്പടെ അച്ചടിച്ചതാണ് ബോർഡിങ് പാസ്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ​ഗോഎയറിന്റെ നടപടി.     

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടേയും ചിത്രങ്ങളടങ്ങിയ ബോര്‍ഡിങ് പാസുകള്‍ ​ഗോഎയർ പിൻവലിച്ചു. മോദിയുടേയും വിജയ് രൂപാനിയുടേയും ചിത്രങ്ങൾക്ക് പുറമെ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ പരസ്യം ഉൾപ്പടെ അച്ചടിച്ചതാണ് ബോർഡിങ് പാസ്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ​ഗോഎയറിന്റെ നടപടി.

ബോർഡിങ് പാസുകൾ തെരഞ്ഞടുപ്പ് ചട്ടം ലംഘിക്കുന്നതാണെന്ന തരത്തിൽ വിമർശനം ഉയർന്നതോടെയാണ് പാസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ​ഗോഎയർ വക്താവ് പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റിന്റെ പരസ്യം ഉള്‍പ്പെട്ട ബോര്‍ഡിങ് പാസിനെതിരെ പഞ്ചാബ് മുന്‍ ഡിജിപി ശശികാന്ത വിമർശനം ഉന്നയിച്ചിരുന്നു. പൊതുപണം ധൂര്‍ത്തടിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ലേയെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു.

Scroll to load tweet…

കഴിഞ്ഞ ദിവസം, നരേന്ദ്ര മോദിയുടേയും വിജയ് രൂപാനിയുടേയും ചിത്രങ്ങളടങ്ങിയ ഇതേ ബോര്‍ഡിംഗ് പാസുകള്‍ എയര്‍ഇന്ത്യയും പിന്‍വലിച്ചിരുന്നു. ബോർഡിങ് പാസുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷനുമായ ഒമർ അബ്‌ദുള്ള രം​ഗത്തെത്തി. 

കഴിഞ്ഞ ദിവസം എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുന്നതിനിടെ ഇതേ ബോര്‍ഡിംഗ് പാസ് തന്നെയാണ് തനിക്ക് ലഭിച്ചതെന്ന് ഒമർ കുറിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 20-ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഇള്‍പ്പെടുത്തിയ ടിക്കറ്റുകള്‍ ഇന്ത്യന്‍ റെയില്‍വേ പിന്‍വലിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയെ തുടർന്നായിരുന്നു ഇന്ത്യന്‍ റെയില്‍വേയുടെ നടപടി.