Asianet News MalayalamAsianet News Malayalam

ബംഗാള്‍ സംഘര്‍ഷം: ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു. സംസ്ഥാനത്ത് നടക്കുന്ന തുടർച്ചയായ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ ന‍ടപടി.

governor submits report to Central government on West Bengal violence
Author
West Bengal, First Published May 15, 2019, 9:32 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തുടരുന്ന സംഘര്‍ഷത്തെ കുറിച്ച് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു. മെയ് 19ന് തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണത്തില്‍ നിന്ന് ഒരു ദിവസമാണ് വെട്ടിക്കുറച്ചത്. 

സംസ്ഥാനത്ത് നടക്കുന്ന തുടർച്ചയായ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ ന‍ടപടി. 324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. ഇതിനിടെ, പശ്ചിമ ബംഗാളിലെ ആഭ്യന്തര സെക്രട്ടറിയെ മാറ്റി. ചീഫ് സെക്രട്ടറിക്കാണ് പകരം ചുമതല. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതിനാണ് നടപടിയെന്ന് തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പൊലീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറലിലെയും മാറ്റിയിട്ടുണ്ട്.

അതേസമയം, പശ്ചിമ ബംഗാളിലെ ബിജെപിക്കെതിരായ തൃണമൂൽ ആക്രമണങ്ങളിൽ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിനെതിരെ പരാതിയുമായി ബിജെപി സംഘം ഉപരാഷ്ട്രപതിയെ സന്ദർശിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപിയുടെ രാജ്യസഭ അംഗങ്ങൾക്കും ജനപ്രതിനിധികൾക്കും സുരക്ഷ ഉറപ്പാക്കാൻ നടപടികളെടുക്കണമെന്ന് ഉപരാഷ്ട്രപതിയോട് അഭ്യർത്ഥിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ വലിയ രീതിയിലുള്ള സംഘർഷങ്ങൾ കൊൽക്കത്തയിൽ അരങ്ങേറിയിരുന്നു. ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. ഇതേ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി വാക്പോര് മുറുകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. 

Follow Us:
Download App:
  • android
  • ios