ട്വിറ്ററിലും സാമൂഹ്യമാധ്യമങ്ങളിലും ചൗകീദാറും 'ചൗകീദാർ ചോർ ഹേ' മുദ്രാവാക്യവും ട്രെൻഡിംഗായപ്പോൾ ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല ആകെ ടെൻഷനിലാണ്. കാരണമിതാ..

ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച വൈകിട്ട് ഒരു പരാതിയെത്തി. സംഭവം മോഷണപ്പരാതിയാണ്. പരാതിക്കാരനോ, ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല. എന്താണ് മൂപ്പരുടെ പരാതി? വീട് കാവൽക്കാരനായ ബസുദേവ് നേപ്പാളി അഥവാ ശംഭു ഗൂർഖ എന്ന 'ചൗകീദാർ' ശരിക്ക് 'ചോർ' ആണെന്ന് വഗേല അറിഞ്ഞില്ല. ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റ് നോക്കിയപ്പോൾ വീട്ടിൽ പൈസയുമില്ല, സ്വർണവുമില്ല, ഗൂർഖയുമില്ല. പോയത് ചില്ലറയല്ല. മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും!

ഇന്നലെ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പരാതി അനുസരിച്ച് കഥയിങ്ങനെയാണ്: നാല് വർഷം മുൻപാണ് നേപ്പാൾ സ്വദേശിയായ ബസുദേവ് നേപ്പാളി എന്ന ശംഭു ഗൂർഖയും ഭാര്യ ശാരദയും വഗേലയുടെ വീട്ടിൽ ജോലിയ്ക്ക് എത്തുന്നത്. അതായത് വഗേല കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടി എൻസിപിയിലൊക്കെ എത്തുന്നതിന് മുമ്പേ ശംഭു ഗൂർഖ വീട്ടിലെ ജോലിക്കാരനാണ്. ഗാന്ധിനഗറിലെ വസന്ത് വഗ്ദോ എന്ന വീട്ടിൽ ഗേറ്റ് കാവലായിരുന്നു ഗൂർഖയുടെ ജോലി. ഭാര്യ ശാരദയാകട്ടെ വീട്ടിലെ പണികളും ചെയ്യും. ഇവരുടെ രണ്ട് കുട്ടികളും ഇവിടെയുണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഗൂർഖയും ഭാര്യയും നാട്ടിലേക്ക് പോകണമെന്നും കുട്ടികളെ നേപ്പാളിൽത്തന്നെ നിർത്തി പഠിപ്പിക്കണമെന്നും പറഞ്ഞു. കുട്ടികളെ സ്കൂളിൽ ചേർക്കാനെന്ന് പറഞ്ഞ് പോയ ശംഭുവിനെയും ഭാര്യയെയും പിന്നെ കണ്ടിട്ടില്ല. അപ്പോഴും പണവും സ്വർണവും പോയ കഥ വഗേലയും കുടുംബവും അറിഞ്ഞതേയില്ല. കഴിഞ്ഞ മാസം അവസാനം ഒരു വിവാഹത്തിനായി വഗേലയും കുടുംബവും പുറപ്പെടാനൊരുങ്ങിയപ്പോഴാണ് സേഫിലുണ്ടായിരുന്ന ആഭരണങ്ങൾ തിരഞ്ഞത്. നോക്കുമ്പോൾ, ഒന്ന് പോലും ബാക്കിയില്ല!

വീട്ടിലെ ജോലിക്കാരെയെല്ലാം വിളിച്ച് ചോദ്യം ചെയ്തു. അപ്പോഴാണ് പറയുന്നത്, ആ മുറിയുടെ കാവൽ ശംഭു ഗൂർഖയാണ് ചെയ്തിരുന്നത്. ഉടൻ ശംഭുവിനെ ബന്ധപ്പെടാൻ വഗേലയുടെ കുടുംബം ശ്രമിച്ചു. നിവൃത്തിയില്ല, എവിടെയെന്ന് കരുതിയാണ് തിരയുക? ഇതോടെയാണ് വഗേല ഒരു നിവൃത്തിയുമില്ലാതെ ആ പഴയ കാവൽക്കാരൻ കള്ളനെതിരെ പരാതി കൊടുത്തത്.

എൻ.ബി: ഈ യഥാർഥ കഥ കേട്ട് പഴയ ഗാന്ധി നഗർ സെക്കന്‍റ് സ്ട്രീറ്റ് സിനിമയോ, ഈ പരസ്യമോ ഓർമ വന്നാൽ ഞങ്ങൾ ഉത്തരവാദികളല്ല!