ചെന്നൈ: നാഥുറാം വിനായക് ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയാണെന്ന് പറഞ്ഞ കമൽഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് തമിഴ്‌നാട്ടിലെ മന്ത്രി കെടി രാജേന്ദ്ര ബാലാജി. കമൽഹാസന്റെ പാർട്ടി മക്കൾനീതിമയ്യത്തെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ പാർട്ടി സമൂഹത്തിൽ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് കാരണമായി മന്ത്രി പറഞ്ഞത്.

"കമൽഹാസന്റെ നാവ് മുറിക്കണം. അയാൾ പറഞ്ഞത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നാണ്. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ, കൃസ്ത്യാനിയെന്നോ, മുസൽമാനെന്നോ ഇല്ല," അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാവായ ബാലാജി ചെന്നൈയിൽ പറഞ്ഞു.

ന്യൂനപക്ഷ വോട്ടുകൾക്ക് വേണ്ടിയാണ് കമൽഹാസന്റെ ഈ പ്രസ്താവനയെന്ന് ബാലാജി വിമർശിച്ചു. വിഷം വമിപ്പിക്കുന്ന നേതാവാണ് കമൽഹാസനെന്നും അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും വിഷമയമാണെന്നും ബാലാജി പറഞ്ഞു.

ഈ പരാമർശത്തിൽ കമൽഹാസനെതിരെ ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ഹാസന്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്.