ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ തകർത്തെറിയാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരായി ജനം വിധിയെഴുതുമെന്നും ദേശീയ തലത്തിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.   

തൃശൂർ: ചാലക്കുടിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് ബെന്നി ബെഹനാൻ. വലിയ കോൺഗ്രസ് പാരമ്പര്യമുള്ള മണ്ഡലമാണ് ചാലക്കുടി. കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമായ ചാലക്കുടിയിൽ മത്സരിക്കാൻ സാധിക്കുന്നതിൽ വലിയ അഭിമാനമുണ്ടെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

കോൺഗ്രസിന് വലിയ വേരോട്ടമുള്ള ചാലക്കുടിയിൽ അപ്രതീക്ഷിതമായാണ് കഴിഞ്ഞ തവണ തോൽവി നേരിട്ടത്. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ദൗത്യമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. ഈ ദൗത്യത്തിൽ വിജയിക്കുമെന്ന പരിപൂർണ വിശ്വാസമുണ്ടെന്നും ബെന്നി ബെഹനാൻ പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ തകർത്തെറിയാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരായി ജനം വിധിയെഴുതുമെന്നും ദേശീയ തലത്തിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

താര പ്രഭയല്ല, വികസനവും രാഷ്ട്രീയവുമാണ് തെരഞ്ഞെടുപ്പിൽ വിഷയമാകേണ്ടത്. ചാലക്കുടിയിലെ വികസനവും രാജ്യത്തെ രാഷ്ട്രീയ സാഹചര്യവുമാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു. എതിർ സ്ഥാനാർത്ഥിയായ സിനിമാ താരം ഇന്നസെന്‍റിനെ കുറിച്ചുള്ള ചോദ്യത്തിനാണ് താരങ്ങളല്ല രാഷ്ട്രീയമാണ് മുഖ്യമെന്ന് ബെന്നി ബഹാനൻ മറുപടി നൽകിയത്.