ദില്ലി: സിപിഎമ്മിനേറ്റ കനത്ത പരാജയത്തിൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ തനിക്കും പാർട്ടി നേതൃത്വത്തിനും കൂട്ടായ ഉത്തരവാദിത്തം ഉണ്ടെന്ന് സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് തിരിച്ചടിക്കു കാരണമായ എല്ലാ വിഷയങ്ങളും 
26, 27 തീയതികളിൽ ചേരുന്ന പോളിറ്റ് ബ്യുറോ യോഗത്തിൽ ചർച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.

പശ്ചിമബംഗാളിൽ ആകെയുണ്ടായിരുന്ന രണ്ട് സീറ്റ് പോലും നിലനിര്‍ത്താനാകാതെയാണ് ദേശീയതലത്തിൽ സിപിഎം തകര്‍ന്നടിഞ്ഞത്. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ പാര്‍ടികളുടെ സാന്നിധ്യം ഈ തെരഞ്ഞെടുപ്പോടെ ഏതാണ്ട് ഇല്ലാതാവുകയാണ്. കേരളത്തിൽ കിട്ടിയ ഒരു സീറ്റും തമിഴ്നാട്ടിൽ കിട്ടുന്ന 4 സീറ്റും മാത്രമാകും ലോക്സഭയിലെ പ്രാതിനിധ്യം. പശ്ചിമബംഗാളിലെ സിപിഎമ്മിന്‍റെ വോട്ടിൽ 15 ശതമാനത്തോളം ബി.ജെ.പിയിലേക്ക് ചോര്‍ന്നു. ഇതോടെ ബംഗാളിലെ സിപിഎം വോട്ട് ഏഴ് ശതമാനത്തിൽ താഴെയായി. 

സിപിഐക്ക് ഒരു ശതമാനം പോലും വോട്ടില്ല. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചും മൂര്‍ഷിദാബാദും നഷ്ടമായി. ബീഹാര്‍ ഉൾപ്പടെയുള്ള ഉത്തരേനത്യൻ സംസ്ഥാനങ്ങളിൽ തിരിച്ചുവരാനാകാത്ത വിധം തകര്‍ന്നടിഞ്ഞ പോലെയാകുന്നു ബംഗാളിലും ഇടതുപക്ഷം. 2004ൽ ഒന്നാം യു.പി.എ സര്‍ക്കാരിനെ വിരൽ തുമ്പിൽ നിര്‍ത്തിയ ഇടതുപക്ഷ പാര്‍ടികൾക്ക്  ഈ ആ കാലം ഓര്‍മ്മ മാത്രമാകും. 

തൃപുരയിലും സിപിഎം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 35 ശതമാനത്തിലധികം വോട്ടുണ്ടായിരുന്ന സിപിഎം 17 ശതമാനത്തിലേക്ക് ചുരുങ്ങി. ബി.ജെ.പി ഒന്നാം സ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുമായി. ദേശീയതലത്തിൽ ബദൽ രാഷ്ട്രീയം ശബ്ദം ഉയര്‍ത്താൻ ശ്രമിക്കുന്ന ഇടതുപക്ഷത്തിന് ഇനി പരിമിതികൾ ഏറെയാകും. സിപിഎമ്മിന് ദേശീയ പാര്‍ടി പദവി നഷ്ടമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം കണക്കാക്കിയായിരുന്നു ദേശീയ പാര്‍ടികളുടെ പട്ടികയിൽ തന്നെ സിപിഎമ്മിനെ നിലനിര്‍ത്തിയത്. ആ ഇളവ് ഇനി കിട്ടണമെന്നില്ല.