നഗരമേഖലയിലടക്കം നല്ല സ്വീകാര്യതയുള്ള രാജീവിനെ നേരിടാൻ കെ വി തോമസ് മതിയാകില്ലെന്നാണ് പാർട്ടിയിയിൽ ഇപ്പോൾ ഉയരുന്ന ചർച്ച. 35 വർഷം മത്സരരംഗത്തുണ്ടായിരുന്ന കെ വി തോമസ് വീണ്ടും മത്സരിക്കുന്നതിൽ  പ്രവർത്തകർക്ക് വലിയ താൽപര്യമില്ല

എറണാകുളം: ലോക്സഭാ മണ്ഡലത്തിൽ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പി രാജിവീനെ ഇടത് മുന്നണി തീരുമാനിച്ചതോടെ ജയിച്ച് കയറാൻ പുതിയ തന്ത്രങ്ങളെ കുറിച്ച് തിരക്കിട്ട ആലോചനയിലാണ് കോൺഗ്രസ്. മത്സരിക്കുമെന്ന് ഉറപ്പിച്ച് പറയുന്ന കെവി തോമസിനെ മാറ്റി ഹൈബി ഈഡനെ രംഗത്തിറക്കാനാണ് കോൺഗ്രസ് ക്യാമ്പിന്‍റെ ആലോചന. 

എറണാകുളം ലോകസഭ മണ്ഡലം യുഡിഎഫിന് മേൽകൈയുള്ള മണ്ഡലമാണെങ്കിലും പി രാജീവ് സ്ഥാനാർത്ഥിയായതോടെ മത്സര ചിത്രം മറ്റൊന്നായെന്നാണ് കോൺഗ്രസ്സ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. നഗരമേഖലയിലടക്കം നല്ല സ്വീകാര്യതയുള്ള രാജീവിനെ നേരിടാൻ കെ വി തോമസ് മതിയാകില്ലെന്നാണ് പാർട്ടിയിൽ ഇപ്പോൾ ഉയരുന്ന ചർച്ച.

മുപ്പത്തിയഞ്ച് വർഷം മത്സരരംഗത്തുണ്ടായിരുന്ന കെ വി തോമസ് വീണ്ടും മത്സരിക്കുന്നതിൽ പ്രവർത്തകർക്ക് വലിയ മതിപ്പില്ല. അങ്ങനെ വന്നാൽ പ്രവർത്തകർ നിർജ്ജീവമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ച റിപ്പോർട്ട്. നേതൃത്വം ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. രാജീവിനെ നേരിടാൻ പകരം ഉയരുന്നതാകട്ടെ ഹൈബി ഈഡൻ എംഎൽഎയുടേ പേരാണ്. 

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിന് തയ്യാറെന്ന് ഹൈബിയും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ലത്തീൻ കത്തോലിക്ക വോട്ട് ഏകീകരിക്കാനും ഹൈബിയ്ക്കാകുമെന്നാണ് വിലയിരുത്തൽ. അതേസമയം എതിർ ക്യാമ്പിലെ ഈ ആശയക്കുഴപ്പങ്ങളടക്കം ഉപയോഗപ്പെടുത്തി മണ്ഡലം ഇത്തവണ പിടിക്കാനുള്ള ഒരുക്കം പി രാജീവ് തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിറകെ മണ്ഡലത്തിൽ പോസ്റ്റർ ഒട്ടിച്ചും വിളംബര ജാഥകൾ നടത്തിയും പ്രവർത്തകരും രംഗത്തെത്തി.