Asianet News MalayalamAsianet News Malayalam

ഉമ്മൻചാണ്ടി വിട്ടുവീഴ്ചക്കില്ല; വയനാട് സീറ്റിൽ തീരുമാനം ഹൈക്കമാന്‍റിന് വിട്ടേക്കും

എ ഐ ഗ്രൂപ്പുകൾ തമ്മിൽ വയനാട് സീറ്റിന് വേണ്ടിയുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കമാന്‍റ് ഇടപെടൽ. വടകരയിൽ പ്രവീൺകുമാറിനും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും സാധ്യത.

high command will decide wayanad candidate
Author
Delhi, First Published Mar 18, 2019, 9:44 AM IST

ദില്ലി: വയനാട് സീറ്റിൽ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിൽ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍റ് തീരുമാനിക്കട്ടെ എന്ന് ധാരണ. ടി സിദ്ദിക്ക് തന്നെ വയനാട് മത്സരിക്കണമെന്ന വാശിയിലാണ് ഉമ്മൻചാണ്ടി. സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് പറയുന്ന ഐ ഗ്രൂപ്പ് പലപേരുകളും മുന്നിൽ വച്ചെങ്കിലും ഉമ്മൻചാണ്ടി വഴങ്ങുന്നില്ല. ടി സിദ്ദിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെങ്കിൽ അത് വടകരയിലും പരിഗണിക്കാവുന്നതാണെന്ന ബദൽ നിര്‍ദ്ദേശവും അംഗീകരിക്കാത്ത സാഹചര്യത്തിൽ മൂന്ന് ദിവസമായി തുടരുന്ന തര്‍ക്കത്തിന് പരിഹാരം എന്ന നിലയിലാണ് പ്രശ്നം ഹൈക്കമാന്‍റിന് വിടാൻ ധാരണയായത്.

ഉമ്മൻചാണ്ടി ടി സിദ്ദിക്കിന്‍റെ പേരും ഐ ഗ്രൂപ്പ് കെപി അബ്ദുൾ മജീദിന്‍റെ പേരുമാണ് ഹൈക്കമാന്‍റിന് മുന്നിൽ വച്ചത്. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി എന്ന നിലയിൽ വിവി പ്രകാശിനെയും പരിഗണിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ അനിശ്ചിതത്വം തുടരുന്ന വടകരയിൽ പ്രവീൺകുമാറിനെ സജീവമായി പരിഗണിക്കുന്നുണ്ട്. ആലപ്പുഴയിൽ അങ്ങനെ എങ്കിൽ ഷാനിമോൾ ഉസ്മാൻ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനാണ് സാധ്യത. 

ഗ്രൂപ്പ് തര്‍ക്കത്തിലും നേതാക്കൾ തമ്മിലുള്ള പിടിവാശിയിലും ഉടക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നത് കോൺഗ്രസ് യുഡിഎഫ് ക്യാമ്പുകളിൽ അസ്വാരസ്യങ്ങളുണ്ടാക്കുന്നുണ്ട്. ബാക്കിയുള്ള മൂന്ന് സീറ്റിൽ ഇന്നെങ്കിലും സ്ഥാനാര്‍ത്ഥികളാകുമെന്ന പ്രതീക്ഷയിലാണ് മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.

Follow Us:
Download App:
  • android
  • ios