ആലപ്പുഴ:  വാര്‍‍ത്താ സമ്മേളനത്തിടെ വെള്ളാപ്പള്ളി നടേശനെ വിഎം സുധീരന്‍ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ കോണ്‍ഗ്രസ്സ് നേതാവ് ഇറങ്ങിപ്പോയി. കെപിസിസി എക്സിക്യൂട്ടീവ് അംഗമായ മുന്‍ എംഎല്‍എ ഡി സുഗതനാണ് വാര്‍ത്താ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയത് വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കുന്നിടത്ത് ഇരിക്കാനാവാത്തത് കൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് ഡി സുഗതന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ചില യൂദാസുകളുണ്ടെന്നായിരുന്നു പിന്നാലെ ചേര്‍ന്ന ഡിസിസി യോഗത്തില്‍ വിഎം സുധീരന്‍ ഡി സുഗതന്റെ ഇറങ്ങിപ്പോക്കിനെക്കുറിച്ച് പറഞ്ഞത്.

എല്‍ഡിഎഫ് സര്‍ക്കാരിനെയും പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍ വെള്ളാപ്പള്ളി നടേശനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു. വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് സംസാരിക്കുന്നതിനിടെ ഇനി ഇവിടെ ഇരിക്കാന്‍ കഴിയില്ലെന്ന് ഉച്ചത്തില്‍ പറ‍ഞ്ഞുകൊണ്ടാണ് എസ് എന്‍ ട്രസ്റ്റ് അംഗം കൂടിയായ മുന്‍ എംഎല്‍എ ഡി സുഗതന്‍ ഇറങ്ങിപ്പോയി മുകളിലെ ഹാളിലിരുന്നത്. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിക്കെതിരായ അധിക്ഷേപത്തില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്കെന്ന് ഡി സുഗതന്‍ പ്രതികരിക്കുകയും ചെയ്തത്.

ഡി സുഗതന്റെ ഇറങ്ങിപ്പോക്കിന് പിന്നാലെ ഡിസിസി യോഗം ചേര്‍ന്നു. യോഗത്തിനിടെ ഫോണില്‍ സംസാരിച്ച സുഗതനെ സുധീരന്‍ താക്കീത് ചെയ്തിരുന്നു. ചില യൂദാസുമാര്‍ പാര്‍ട്ടിയിലുണ്ടെന്ന് വിമര്‍ശിച്ച സുധീരന്‍ ഇവരാണ് ബിജെപിയെയും സിപിഎമ്മിനെയും സഹായിക്കുന്നതെന്നും പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.