കണ്ണൂർ: 2 വര്‍ഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് കള്ളവോട്ട് ചെയ്യല്‍. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിൽ കള്ളവോട്ട് നടന്നതായി നിരവധി പരാതികളുയര്‍ന്നിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ട കേസുകളുണ്ടായിട്ടില്ല.

ജനപ്രാതിനിധ്യ നിയമത്തിലെ 32-ാം വകുപ്പനുസരിച്ച് കള്ളവോട്ട് ചെയ്യുന്നത് 2 വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന അടക്കമുള്ള 171 ഡി എഫ് വകുപ്പനുസരിച്ച് ഒരു വര്‍ഷം ശിക്ഷയും ശിക്ഷയുണ്ട്. കേരളത്തില്‍ സമാനമായ നിരവധി പരാതികളുയര്‍ന്നിട്ടുണ്ട്. കണ്ണൂർ എരുവേശിയിലെ കള്ളവോട്ടു കേസ് തന്നെ ഉദാഹരണം.

2014 തെരഞ്ഞെടുപ്പില്‍ എരുവേശിയില്‍ 58 കള്ളവോട്ട് ചെയ്യപ്പെട്ടുവെന്ന കോണ്‍ഗ്രസിന്‍റെ പരാതിയില്‍ തളിപ്പറമ്പ് കോടതിയില്‍ കേസുണ്ട്. ഉദുമയിലും ചില കേസുകളുണ്ട്. ജനാധിപത്യത്തെയും ജനപ്രാതിനിധ്യ നിയമത്തെയും വെല്ലുവിളിക്കുന്ന കള്ളവോട്ടിന് മിക്കപ്പോഴും ഉദ്യോഗസ്ഥരുടെ പങ്കും ഉണ്ടെന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കുന്നു.

വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരിലും കാസര്‍കോട്ടും കള്ളവോട്ട് വ്യാപകമാണെന്ന് മിക്ക തെരഞ്ഞെടുപ്പ് കാലത്തും ആരോപണം ഉയരാറുണ്ട്. പല മണ്ഡലങ്ങളിലെയും പോളിംഗ് ശതമാനം തൊണ്ണൂറും തൊണ്ണൂറ്റിയഞ്ചുമൊക്കെ കടന്നാലും ഉദ്യോഗസ്ഥരത് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കാറില്ല.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ മൊറാഴ അടക്കമുള്ള പല ബൂത്തുകളിലും 96 ശതമാനമാണ് പോളിംഗ് നടന്നത്. കേസും നടപടിക്രമങ്ങളും ഭയക്കുന്നത് കൊണ്ട് മാത്രമല്ല പ്രാണഭയം മൂലമാണ് പലപ്പോഴും കള്ളവോട്ട് കണ്ടാലും മിണ്ടാതിരിക്കുന്നതെന്ന് പല ഉദ്യോഗസ്ഥരും പറയുന്നു.

കള്ള വോട്ട് ചെയ്യാനും മഷി മായ്ക്കാനും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കാനുമൊക്കെ പ്രത്യേക സംഘങ്ങളുണ്ട്. തടയുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ബൂത്തിന് പുറത്ത് സംഘം സജ്ജമായിരിക്കും.

തളിപ്പറമ്പിലെ കള്ളവോട്ടിനെക്കുറിച്ച് ദൃശ്യങ്ങളടക്കം ഈ മാസം 23-ന് ഫേസ്ബുക്ക് പോസ്റ്റിട്ട സുരേഷ് കീഴാറ്റൂരിന് ഭീഷണി ഉണ്ടായിരുന്നു. ഇന്ന് സിപിഎമ്മിന്‍റെ വനിതാപ്രവർത്തകരെ മർദ്ദിച്ചെന്ന കേസിൽ സുരേഷിനെ അറസ്റ്റ് ചെയ്തതും ഇതില്‍ പകപോക്കാനാണെന്ന് പരാതിയുണ്ട്.