കൊച്ചി: നരേന്ദ്രമോദി സർക്കാരിന്‍റെ രണ്ടാം ഊഴത്തിൽ കേരളത്തെ അറിഞ്ഞു പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് ശ്രീധരൻ പിള്ള. കഴിഞ്ഞ തവണത്തെക്കാൾ 62 ശതമാനം വോട്ടാണ് ഈ ലോകസഭ തെരഞ്ഞെടുപ്പിൽ വർദ്ധിച്ചതെന്ന് പറഞ്ഞ ശ്രീധരൻ പിള്ള കേന്ദ്ര നേതൃത്വം ഇത് മനസിലാക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. 

വോട്ട് വർദ്ധന കണക്കിലെടുത്ത് വേണ്ട പ്രാതിനിധ്യം കേരളത്തിന് കേന്ദ്ര മന്ത്രിസഭയിൽ നൽകുമെന്ന് ശ്രീധരൻപിള്ള പ്രത്യാശ പ്രകടിപ്പിച്ചു. മോദിയെ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വൈകാതെ സ്വീകരിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി സംസ്ഥാന നേതൃമാറ്റം സ്വപ്നം കാണുന്നവരുടെ ആശ പൂവണിയാൻ പോകുന്നില്ലെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.