500 രൂപയുടെ കുടിലുണ്ടാക്കുന്നത് തന്നെ തങ്ങളെ സംബന്ധിച്ച് വലിയ കഷ്ടപ്പാടാണ്. അപ്പോഴാണ് മോദിയുടെ പരിപാടി നടത്താന്‍ വീടുകള്‍ തകര്‍ത്തത്. അങ്ങനെ ഒരു വീട് ഇനി കെട്ടിപ്പൊക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് പ്രദേശവാസിയായ ലളിത എന്ന യുവതി പ്രതികരിച്ചത്

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേദിയൊരുക്കുന്നതിനായി ജയ്പൂരില്‍ ഇടിച്ച് നിരത്തിയത് മുന്നൂറോളം വീടുകള്‍. രാജസ്ഥാനിലെ ജയ്പൂരിലുള്ള മാനസരോവറിന് സമീപുള്ള ഒരു ചേരിയാണ് ബുള്‍ഡോസറുകള്‍ കൊണ്ട് വന്ന തകര്‍ത്ത് മോദിക്ക് വേദിയൊരുക്കിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയ്പൂരില്‍ മേയ് ഒന്നിനായിരുന്നു മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലി.

അതിന് കുറച്ച് ദിവസം മുമ്പ് വീട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, എങ്ങോട്ട് പോകണമെന്ന അവസ്ഥയിലായിരുന്നു അവിടെയുള്ളവര്‍. ചേരി തകര്‍ക്കാന്‍ എത്തിയതോടെ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അവരുടെ സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചുള്ളൂ.

വീട് പൂര്‍ണമായി തകര്‍ത്തതോടെ എവിടെ കയറി കിടക്കണമെന്ന് പോലും അറിയാത്ത അവസ്ഥിയിലാണ് താമസക്കാരെന്നും ദി വയറിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. 500 രൂപയുടെ കുടിലുണ്ടാക്കുന്നത് തന്നെ തങ്ങളെ സംബന്ധിച്ച് വലിയ കഷ്ടപ്പാടാണ്. അപ്പോഴാണ് മോദിയുടെ പരിപാടി നടത്താന്‍ വീടുകള്‍ തകര്‍ത്തത്.

അങ്ങനെ ഒരു വീട് ഇനി കെട്ടിപ്പൊക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് പ്രദേശവാസിയായ ലളിത എന്ന യുവതി പ്രതികരിച്ചത്. ഏറിയ പങ്കും ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവരാണ് വീട് നഷ്ടപ്പെട്ടവര്‍. വീട് തകര്‍ത്ത കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇവര്‍ക്ക് ജോലിക്ക് പോകാന്‍ പോലും കഴിയുന്നില്ല.

വീട് ഇല്ലാതായതോടെ സാധനങ്ങളെല്ലാം വഴിയോരത്താണ് വച്ചിട്ടുള്ളത്. ഇത് ഉപേക്ഷിച്ച് ജോലിക്ക് പോയാല്‍ തിരികെ എത്തുമ്പോള്‍ ആകെയുള്ളത് പോലും നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഇവര്‍. പൊലീസ് ഇവിടെ നിന്നും തങ്ങളെ നീക്കം ചെയ്യുന്ന ഭയവും ഇവര്‍ക്കുണ്ട്.

റാലി നടക്കുന്ന പരിസരത്ത് പോലും എത്തരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ഇപ്പോഴുള്ള സാധനങ്ങള്‍ കൂടി നശിപ്പിച്ച് കളയുമെന്ന് ഭീഷണിയും ഉണ്ടായിരുന്നതായാണ് ഒരു വീട്ടമ്മ പ്രതികരിച്ചത്. റാലിയുടെ തലേന്ന് താമസക്കാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, സുരക്ഷാ പ്രശ്നം കാരണമാണ് ചേരി ഒഴിപ്പിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യത തള്ളാനാകില്ലെന്നും അധികൃതര്‍ വാദിക്കുന്നു. കൂടാതെ പൊലീസ് ഒരു വീട് പോലും തകര്‍ത്തിട്ടില്ലെന്നാണ് ജയ്പൂര്‍ സൗത്ത് എസ്പി യോഗേഷ് ഡാധിച്ചിന്റെ പ്രതികരണം.