ബെംഗളൂരു: കർണാടകത്തിൽ ബിജെപി തരംഗത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ് ജെഡിഎസ് സഖ്യം. 28ൽ 25 സീറ്റുകളിൽ ബിജെപി മുന്നേറിയപ്പോൾ കോൺഗ്രസും ജെഡിഎസും ഓരോ സീറ്റിലൊതുങ്ങി. മുൻ പ്രധാനമന്ത്രി ദേവഗൗഡയും കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയും വീരപ്പമൊയ്‍ലിയും തോൽവിയറിഞ്ഞു. മാണ്ഡ്യയിൽ മുഖ്യമന്ത്രിയുടെ മകനെ സുമലത അംബരീഷ് വീഴ്ത്തി.

22 സീറ്റ് കിട്ടുമെന്ന് പറഞ്ഞുകൊണ്ടിരുന്ന ബിഎസ് യെദ്യൂരപ്പയെപ്പോലും ഞെട്ടിക്കുന്നതാണ് കർണാടകത്തിൽ ബിജെപിയുടെ വിജയം. സഖ്യം ബൂമറാങ്ങയപ്പോൾ സ്വാധീനമേഖലകളിൽ കോൺഗ്രസും ജെഡിഎസും വീണു. 2014ലേത് പോലെ വടക്കൻ കർണാടകത്തിൽ ഒതുങ്ങാതെ മൈസൂരു മേഖലയിലും ബിജെപി ചുവടുറപ്പിച്ചു. കാലിടറിയവരിൽ ദൾ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ മുതൽ മുൻ മുഖ്യമന്ത്രി വീരപ്പമൊയ്‍ലി വരെയുളളവരുണ്ട്.

സിറ്റിങ് സീറ്റുകളെല്ലാം ബിജെപി നിലനിർത്തി. സദാനന്ദ ഗൗഡയും ശോഭ കരന്തരലജയും തേജസ്വി സൂര്യയും ജയിച്ചു.സഖ്യത്തിനെതിരായ വികാരവും സർക്കാരിലെ തമ്മിലടിയും മോദി പ്രഭാവവും അവരെ തുണച്ചു. ഒമ്പതിൽ നിന്ന് ഒന്നിലേക്ക് ചുരുങ്ങി കോൺഗ്രസ്. ഒമ്പത് തവണ തുടർച്ചയായി ജയിച്ച മണ്ഡലത്തിലാണ് കോൺഗ്രസ് വിട്ടുവന്ന ഉമേഷ് ജാദവിനോട് മല്ലികാർജുൻ ഖാർഗെ അടിയറവ് പറഞ്ഞത്. 

ജെഡിഎസും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയിരുന്ന കോലാറിലും ചിക്കബെല്ലാപുരയിലും ബിജെപിയാണ് ജയിച്ചത്. തോറ്റത് കെ എച്ച് മുനിയപ്പയും വീരപ്പമൊയ്‍ലിയും. ബെംഗളൂരു റൂറലിൽ ഡി കെ ശിവകുമാറിന്‍റെ സഹോദരൻ ഡി കെ സുരേഷിന്‍റെ ജയമാണ് കോൺഗ്രസിന് ആശ്വാസം. ഗൗഡ കുടുംബത്തിന് ഓർക്കാപ്പുറത്തേറ്റ അടിയായി തുമകൂരുവിൽ ദേവഗൗഡയുടെ തോൽവി. 

തട്ടകമായ മാണ്ഡ്യയിൽ ബിജെപി പിന്തുണയോടെ മത്സരിച്ച സുമലത അംബരീഷിനോട് നിഖിൽ കുമാരസ്വാമിയും തോറ്റതോടെ ജെഡിഎസ് ക്യാമ്പിൽ മൗനം. ഹാസനിൽ ദേവഗൗഡയുടെ മറ്റൊരു ചെറുമകൻ പ്രജ്വൽ ജയിച്ചു. ബിജെപി എവിടെയുമില്ലാതിരുന്ന മണ്ഡലങ്ങളിൽ അവർക്ക് വഴിയൊരുക്കിയത് കോൺഗ്രസിലെ വിമത നീക്കങ്ങളെന്ന് ജെഡിഎസ് ആരോപിക്കുമെന്നുമുറപ്പ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദൾ സംസ്ഥാന അധ്യക്ഷൻ എച്ച് വിശ്വനാഥ് രാജി സന്നദ്ധത അറിയിച്ചു. ബെംഗളൂരു സെൻട്രലിൽ മൂന്നാം സ്ഥാനത്തേക്ക് പോയ പ്രകാശ് രാജ് മുഖത്തേറ്റ അടിയാണ് ഫലമെന്ന് പ്രതികരിച്ചു.