ഗംഭീര്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തെന്നാണ് ഈസ്റ്റ് ദില്ലിയിലെ എഎപി സ്ഥാനാര്‍ത്ഥി അതിഷിയുടെ ആരോപണം.  

ദില്ലി: അപമാനിക്കുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തെന്ന എഎപി സ്ഥാനാര്‍ത്ഥി അതിഷിയുടെ ആരോപണത്തിന് മറുപടിയുമായി എതിര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ലഘുലേഖകള്‍ വിതരണം ചെയ്തത് തന്‍റെ അറിവോടെയാണെന്ന് തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം താന്‍ പിന്‍വലിക്കുമെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. 

അതല്ല മറിച്ചാണെങ്കില്‍ അതിഷി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമോയെന്നും ഗംഭീര്‍ ചോദിച്ചു. ഗംഭീര്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തെന്നാണ് ഈസ്റ്റ് ദില്ലിയിലെ എഎപി സ്ഥാനാര്‍ത്ഥി അതിഷിയുടെ ആരോപണം.

ഞായഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്തതെന്നും അതിഷി ആരോപിക്കുന്നു. ഗംഭീര്‍ ഇത്രയും തരംതാണ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അതിഷി പറഞ്ഞിരുന്നു. നേരത്തെ ഗംഭീറിനെതിരെ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു.