ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് കഴിഞ്ഞ ശേഷം വീണു കിട്ടിയ മുപ്പത് ദിവസത്തെ ഇടവേള ഇടുക്കി എംപി ജോയ്സ് ജോര്‍ജ് ഉപയോഗിച്ചത് പഴയ പുസ്തകങ്ങള്‍ വീണ്ടും വായിക്കാനും തീര്‍ക്കാന്‍ ബാക്കി വച്ച പല കാര്യങ്ങളും സമയബന്ധിതമായി ചെയ്തു തീര്‍ക്കാനുമാണ്. അതേസമയം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൃഹനാഥനെ കൂടുതല്‍ സമയം വീട്ടില്‍ കിട്ടിയ സന്തോഷമാണ് ജോയ്സ് ജോര്‍ജിന്‍റെ പത്നി അനൂപയ്ക്ക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മകന്‍ മികച്ച വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജോയ്സിന്‍റെ അമ്മ മേരി. 

പോളിംഗിനും കൗണ്ടിംഗിനുമിടയില്‍ കിട്ടിയ അവധിക്കാലത്തെക്കുറിച്ച് ജോയ്സ് ജോര്‍ജ്...

കഴിഞ്ഞ അഞ്ച് വര്‍ഷകാലം പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ മണ്ഡലത്തില്‍ തന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കുറിയും പതിവ് പോലെ മണ്ഡലം മുഴുവന്‍ സജീവമായി പ്രചാരണം നടത്തി. 23-ന് വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ഫലപ്രഖ്യാപനത്തിന് ഒരു മാസത്തോളം സമയം ഉണ്ടായിരുന്നതിനാല്‍ മാറ്റിവച്ച ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിച്ചു. 

എല്ലാ വര്‍ഷവും വേളാങ്കണിക്ക് പോകുന്ന പതിവുണ്ടായിരുന്നു എനിക്ക്. ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞതോടെ കുടുംബത്തോടെ വേളാങ്കണിക്ക് പോയി. പിന്നെ ദില്ലിയില്‍ കുറച്ചു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നു അതും പൂര്‍ത്തിയാക്കി. കഴിഞ്ഞ കുറച്ചു കാലമായി വായിക്കണം എന്നാഗ്രഹിച്ച കുറേ പുസ്തകങ്ങളുണ്ടായിരുന്നു. കുറേ കാലമായി ബാഗില്‍ കിടന്നിരുന്ന  എംടിയുടെ രണ്ടാമൂഴം ഈ ഇടവേളയില്‍ വീണ്ടും വായിച്ചു തീര്‍ത്തു. പുതിയ വായനയേക്കാള്‍ പുനര്‍ വായനകള്‍ക്ക് വേണ്ടിയാണ് ഈ സമയം മാറ്റിവച്ചത്.

ഇടുക്കി ജില്ലയുടെ ഒരറ്റത്ത് മറ്റൊരറ്റം എത്താന്‍ മണിക്കൂറുകള്‍ വേണം. കഴിഞ്ഞ അഞ്ച് വര്‍ഷം മുഴുവന്‍ ഇടുക്കി മൊത്തം ഓടിനടന്നിരുന്നു അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണം വലിയ കാഠിന്യമുള്ളതായി തോന്നിയില്ല.  അതിനാല്‍ തന്നെ മറ്റു സ്ഥാനാര്‍ത്ഥികളെ പോലെ ആയൂര്‍വേദ ചികിത്സ വേണ്ടി വന്നില്ല.