ദില്ലി: സത്യസന്ധമായ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെങ്കില്‍ ബിജെപി നാല്‍പ്പതിലധികം സീറ്റ് നേടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അജയ് അഗര്‍വാള്‍. നരേന്ദ്രമോദിയെ വിമര്‍ഷിച്ച് കൊണ്ടെഴുതിയ കത്തിലാണ് അജയ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. 

2019 ലെ മോദിയുടെ സ്വപ്നം 400 സീറ്റാണെന്നും എന്നാല്‍ സത്യസന്ധമായ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 40 സീറ്റ് പോലും ലഭിക്കില്ലെന്നും അജയ് കത്തില്‍ ആരോപിച്ചു. ഈ ഷോക്ക് താങ്ങാൻ മോദിയോട് ഒരുങ്ങിയിരിക്കാനും അജയ് അഗര്‍വാള്‍ മോദിയോട് ആവശ്യപ്പെട്ടു. 2014 ല്‍ സോണിയാ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ മത്സരിച്ചത് അജയ് അഗര്‍വാളാണ്. 

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് തന്‍റെ ഇടപെടല്‍ മൂലമാണെന്നും എന്നാല്‍ മോദി തന്നോട് നന്ദി കാണിച്ചില്ലെന്നും അജയ് ആരോപിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണിശങ്കര്‍ അയ്യറുടെ വീട്ടില്‍ വച്ച് ഹമീദ് അന്‍സാരിയും മന്‍മോഹന്‍ സിങ്ങും പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ വിവരം ഞാനാണ് പുറത്ത് വിട്ടത്. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമായിരുന്നെന്നും അജയ് അഗര്‍വാള്‍ പറഞ്ഞു. 

ആ കൂടിക്കാഴ്ച രാജ്യത്തിന്‍റെ സുരക്ഷയ്ക്കെതിരാണെന്ന് മോദി സംസ്ഥാനത്തുടനീളം പ്രസംഗിച്ചു. അന്നത്തെ ബിജെപിയുടെ പ്രധാന ആയുധവും അതായിരുന്നു. ഇതി ബിജെപിയെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സഹായിച്ചു. മോദിയുമായി 28 വര്‍ഷത്തെ പരിചയമുണ്ട്. നിരവധി തവണ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാല്‍ മോദി തന്നോട് ഇരട്ടത്താപ്പ് പുലര്‍ത്തുന്നതായി തനിക്ക് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

2014  ല്‍ താന്‍ സോണിയക്കെതിരേ റായ്ബറേലിയില്‍ മത്സരിച്ചപ്പോള്‍ 1,73,721 വോട്ടുകള്‍ നേടി. എന്നാല്‍ ഇത്തവണ അത് 50,000 വോട്ടുകള്‍ പോലും ലഭിക്കില്ലെന്നും മോദി പാര്‍ട്ടി അണികളെ അടിമകളെ പോലെയാണ് കാണുന്നതെന്നും അജയ് അഗര്‍വാള്‍ ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് മതിയായ ബഹുമാനം ലഭിക്കുന്നില്ലെന്നും അജയ് പറഞ്ഞു.