ചെന്നൈ: ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾ മാത്രം ഉൾപ്പെടുന്നതല്ല ഇന്ത്യയെന്ന് ബിജെപിയെ ഓർമ്മപ്പെടുത്തി തമിഴ്നാട് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ. കേന്ദ്രത്തിലിരിക്കുന്ന ഒരു സർക്കാരിനും ഒരു സംസ്ഥാനത്തെയും അവഗണിക്കാൻ കഴിയില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വൻ വിജയം നേടിയതിനുശേഷം പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സംസ്ഥാനങ്ങളെയും ഏറ്റെടുക്കാനും ഉൾക്കൊള്ളാനുമുള്ള സമയമാണിത്. വിഭാഗീയതയുടെ ശക്തികൾ ഉയർന്നുവരുന്നതിനെതിരെ ജാഗ്രത പുലർത്തും. പാർലമെന്റിലും തമിഴ്നാട് നിയമസഭയിലും ജനങ്ങളുടെ ക്ഷേമത്തിന്റെയും അവകാശങ്ങളുടേയും ശബ്ദമായി മാറുമെന്നും സ്റ്റാലിൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായാണ് ഡിഎംകെ സഖ്യമുണ്ടാക്കിയത്. എന്നാൽ ദേശീയതലത്തിലെ യുപിഎയുടെ തിരച്ചടി മൂലം തമിഴ്​നാട്ടിലെ തിളക്കമാർന്ന വിജയം കൊണ്ട്​ കാര്യമില്ലാതായെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. അതേസമയം തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 38-ൽ 37 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും ഡിഎംകെ സഖ്യമാണ് വിജയിച്ചത്. സംസ്ഥാനത്ത് ഇക്കുറി എഐഎഡിഎംകെയുമായി ചേർന്നാണ്​ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്​. എന്നാൽ തെരഞ്ഞടുപ്പിൽ വൻ പരാജയമായിരുന്നു ബിജെപി നേരിട്ടത്.