അഹമ്മദാബാദ്: ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് നഷ്ടമായ സ്ഥാനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ വീണ്ടെടുക്കുമെന്ന് നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം  ഞായറാഴ്ച അഹമ്മദാബാദില്‍ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. 

സൂറത്തിലുണ്ടായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ 1942-47 കാലയളവിലെ പോലെ തന്നെ ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായകമായിരിക്കും- മോദി പറഞ്ഞു. വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയായിരുന്നു മോദിയുടെ പ്രസംഗം. 

സൂറത്തിലെ തീപിടുത്തത്തില്‍ മരിച്ച 22 വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ മോദി അനുശോചനം അറിയിച്ചു. 'ഇന്നലെ വരെ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു. ഒരു ഭാഗത്ത് കര്‍ത്തവ്യവും മറുവശത്ത് വിദ്യാര്‍ത്ഥികളുടെ മരണത്തിലുള്ള ദുഖവുമായിരുന്നു. ദുരന്തത്തില്‍പ്പെട്ടവരുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായ നഷ്ടം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല'- മോദി കൂട്ടിച്ചേര്‍ത്തു.