1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങൾ ചാലക്കുടി മണ്ഡലത്തിന് വേണ്ടി ചെയ്തിട്ടുണ്ടെന്നാണ് ഇന്നസെന്‍റ് വ്യക്തമാക്കുന്നത്. ഇതെല്ലാം ജനം വിലയിരുത്തുമെന്നും തനിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം ഉറപ്പിക്കുന്നു

ചാലക്കുടി: വീണ്ടും മത്സരിക്കുന്നില്ലെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ആ തീരുമാനം മാറ്റി വീണ്ടും ചാലക്കുടിയില്‍ അങ്കത്തിന് എത്തിയിരിക്കുകയാണ് ഇന്നസെന്‍റ്. കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് താരസ്ഥാനാര്‍ഥി മത്സരിക്കാന്‍ ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് സിനിമാ നടനായാണെങ്കിൽ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നസെന്‍റ് പ്രതികരിച്ചത്. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങൾ ചാലക്കുടി മണ്ഡലത്തിന് വേണ്ടി ചെയ്തിട്ടുണ്ടെന്നാണ് ഇന്നസെന്‍റ് വ്യക്തമാക്കുന്നത്.

ഇതെല്ലാം ജനം വിലയിരുത്തുമെന്നും തനിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം ഉറപ്പിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി ബെന്നി ബെഹന്നാന്‍ എത്തിയതോടെ കടുത്ത മത്സരത്തിനാണ് ഇത്തവണ ചാലക്കുടി സാക്ഷ്യം വഹിക്കുക. അതിനാല്‍ എല്ലാ മേഖലയിലും പ്രചാരണം മികച്ചതാക്കാന്‍ ഇന്നസെന്‍റും ഇടത് മുന്നണിയും ശ്രമിക്കുന്നുണ്ട്.

5001 പേരടങ്ങിയ വര്‍ക്കിംഗ് ഗ്രൂപ്പിനെയാണ് ഇന്നസെന്‍റിന്‍റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാൻ ചാലക്കുടി മണ്ഡലത്തിൽ ഇടത് മുന്നണി നിയോഗിച്ചിട്ടുള്ളത്. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും അരങ്ങ് കൊഴുപ്പിക്കുന്നുണ്ട്. ഇപ്പോള്‍ തന്‍റെ ഫേസ്ബുക്കില്‍ ഇന്നസെന്‍റ് പങ്കുവെച്ച ഒരു ചിത്രമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പാര്‍ലമെന്‍റില്‍ പി കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ അത് ശ്രദ്ധയോടെ കേള്‍ക്കുന്ന ഇന്നസെന്‍റ് ആണ് ചിത്രത്തിലുള്ളത്. കരുണാകരന്‍ എംപിയുടെ പിന്നിലായി ചര്‍ച്ച നടക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ചിത്രത്തില്‍ കാണാം. 'ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി' എന്ന അടിക്കുറിപ്പോടെയാണ് ഇന്നസെന്‍റ് ഈ ചിത്രം പങ്കുവെച്ചത്.