വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി രാവിലെ  പതിനൊന്ന് മണിക്ക് ജില്ലാ കളക്ടര്‍ക്ക്  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

അമേഠി: വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം അമേഠിയെ അപമാനിക്കുന്നതാണെന്ന് സ്മൃതി ഇറാനി. അമേഠിയിൽ ബിജെപി സ്ഥാനാർത്ഥിയായ സ്മൃതി ഇറാനി ഇക്കുറി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താനുള്ള ശക്തമായ പരിശ്രമത്തിലാണ്. 

"നീണ്ട 15 വർഷം അദ്ദേഹം അധികാരത്തിന്റെ സുഖം അനുഭവിച്ചത് അമേഠിയിലെ ജനങ്ങൾ നൽകിയ പിന്തുണ കൊണ്ടാണ്. എന്നാൽ ഇന്ന് അദ്ദേഹം മറ്റൊരിടത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. ഇത് അമേഠിയെ അപമാനിക്കുന്നതാണ്. ജനങ്ങൾ ഇത് അനുവദിക്കുമെന്ന് കരുതരുത്," സ്മൃതി ഇറാനി പറഞ്ഞു.

അമേഠിയിൽ പരാജയപ്പെടുമെന്ന ഭീതി കൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്നാണ് നേരത്തെ സ്മൃതി ഇറാനി വിമർശിച്ചിരുന്നത്. അതേസമയം ഇന്ന് രാഹുൽ ഗാന്ധി വയനാട് ജില്ലാ കളക്ടർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇതിന് ശേഷം റോഡ് ഷോ നടക്കും.

കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് രാഹുൽ ഗാന്ധി ഇപ്പോഴുള്ളത്. ഹെലികോപ്റ്ററിൽ കല്‍പറ്റയിലേക്ക് പോകും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ബുധനാഴ്ച രാത്രി 9.10-ഓടെയാണ് രാഹുല്‍ ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങിയത്.രാഹുലിനും മുന്‍പേ തന്നെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങിയിരുന്നു. വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ കാത്തിരുന്ന പ്രിയങ്ക രാഹുലിനൊപ്പം ഒരുമിച്ചാണ് പുറത്തേക്ക് വന്നത്.