ചെന്നൈ: തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തമിഴ്നാട്ടില്‍ ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ കിഴക്കന്‍ മേഖല ചുമതല വഹിച്ചിരുന്ന മുൻ എംഎല്‍എ ആര്‍ പി ആദിത്യന്‍ അണ്ണാഡിഎംകെയിലേക്ക് ചേക്കേറി. ഇതിനിടെ മകന്‍ രവീന്ദ്രനാഥിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഒ പനീര്‍സെല്‍വം ശക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ കിങ്ങ് മേക്കര്‍ റോള്‍ സ്വപ്നം കണ്ട ദിനകരന്‍ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഞെട്ടലിലാണ്. അഞ്ച് ശതമാനത്തിനടുത്ത് മാത്രമാണ് വോട്ട് നേടിയത്. ചില മണ്ഡലങ്ങളില്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിനും നോട്ടയ്ക്കും താഴെയായി അമ്മ മക്കള്‍ മുന്നേറ്റ കഴകം. തേവര്‍ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ അണ്ണാഡിഎംകെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി. എന്നാല്‍ പരമാവധി സീറ്റുകള്‍ നേടി ഭരണവും അതുവഴി ഇപിഎസ് ഒപിഎസ് നേതൃത്വത്തെ വീഴ്ത്താമെന്ന ലക്ഷ്യം നടന്നില്ല. 

ടിടിവിയുടെ അടുപ്പക്കാരനും കിഴക്കന്‍ മേഖല ചുമതലയും ഉണ്ടായിരുന്ന ആര്‍ പി ആദിത്യന്‍ പനീര്‍സെല്‍വവുമായി കൂടിക്കാഴ്ച്ച നടത്തി അണ്ണാഡിഎംകെയിലേക്ക് മടങ്ങിവരവ് അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ പല നേതാക്കളും അസംതൃപ്തരാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നുമാണ് മുന്നറിയിപ്പ്. ഇടഞ്ഞ് നില്‍ക്കുന്നവരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന അറിയിച്ച ദിനകരന്‍ ശനിയാഴ്ച്ച പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. ശശികലയെ ചൊവ്വാഴ്ച്ച ജയിലിലെത്തി കാണുമെന്നാണ് സൂചന. 

വിമത എംഎല്‍എമാരെ കൂറ് മാറ്റി സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങളും ഇതോടെ തിരിച്ചടിയിലായി. തല്‍ക്കാലത്തേക്ക് സര്‍ക്കാരിനെ നിലനിര്‍ത്താനായത് ഇപിഎസ് ഒപിഎസ് നേതൃത്വത്തിന് പാര്‍ട്ടിക്കുള്ളില്‍ കരുത്തുകൂട്ടുകയാണ്. അണ്ണാഡിഎംകെ സഖ്യത്തിലെ ഏക വിജയിയും മകനുമായ രവീന്ദ്രനാഥിന് സഹമന്ത്രിസ്ഥാനമെങ്കിലും നല്‍കണമെന്ന് ബിജെപി നേതൃത്വത്തോട് പനീര്‍സെല്‍വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കന്യാകുമാരിയില്‍ നിന്ന് പരാജയപ്പെട്ട പൊന്‍രാധാകൃഷ്ണന്‍, ദേശീയ സെക്രട്ടറി എച്ച് രാജ എന്നിവരുടെ പേരുകള്‍ ബിജെപി തമിഴ്നാട് നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ട്.