എഐഎഡിഎംകെ-എന്‍ഡിഎ സഖ്യ സ്ഥാനാര്‍ഥിയും എഡിഎംകെ സിറ്റിങ് എംപിയുമായ അന്‍വര്‍ രാജാ എ ആണ് മണ്ഡലത്തിൽ നവാസിന്റെ പ്രധാന എതിരാളി. 

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ തമിഴ്നാട്ടിൽ അപ്രതീക്ഷിത ലീഡുമായി മുസ്‍ലിം ലീ​ഗ്. 60,000 വോട്ടിന്റെ ലീഡുമായി രാമനാഥപുരം ലോക്സഭ മണ്ഡലത്തിൽ ഡിഎംകെ, കോണ്‍ഗ്രസ് സഖ്യ സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്‍ലിം ലീ​ഗ് നേതാവ് കെ നവാസ് ​കനിയാണ് മുന്നേറുന്നത്. ഏപ്രിൽ 12-നാണ് രാമനാഥപുരം ലോക്സഭ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. എഐഎഡിഎംകെ-എന്‍ഡിഎ സഖ്യ സ്ഥാനാർത്ഥിയും എഡിഎംകെ സിറ്റിങ് എംപിയുമായ അന്‍വര്‍ രാജാ എ ആണ് മണ്ഡലത്തിൽ നവാസിന്റെ പ്രധാന എതിരാളി. 

വിടിഎൻ ആനന്ദ് (എഎംഎംകെ), വിജയ ഭാസ്ക്കർ (എംഎൽഎം), കെ പഞ്ചാത്ചരം (ബിഎസ്പി), ടി ഭുവനേശ്വരി ( എൻടികെ) എന്നിവരാണ് മണ്ഡലത്തിലെ മറ്റ് സ്ഥാനാർത്ഥികൾ. ബിജെപിയും മുസ്‌ലിം ലീഗും നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമാണ് രാമനാഥപുരം. ന്യൂനപക്ഷ വോട്ടുകൾ അധികമുള്ള രാമനാഥപുരം ഡിഎംകെയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ്.

അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ തമിഴ്നാട്ടിൽ വൻ മുന്നേറ്റമാണ് ഡിഎംകെ നടത്തുന്നത്. 38 മണ്ഡലങ്ങളിൽ 37 സീറ്റിൽ ലീഡ് നേടിയാണ് ഡിഎംകെ സഖ്യം മുന്നേറുന്നത്.