ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകുന്ന ഏത് മുന്നണിയെയും പിന്തുണയ്ക്കുമെന്നാണ് ജഗൻ മോഹൻ റെഡ്ഡി നേരത്തേ പറഞ്ഞിരുന്നത്. ആ പ്രചാരണമുയർത്തി മുന്നോട്ടു പോയ ജഗന് സംസ്ഥാനത്തെ 175-ൽ 151 സീറ്റുകളും കിട്ടിയിരുന്നു.

ദില്ലി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നിയുക്ത മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും കണ്ടു. 

തെലങ്കാനയുമായുള്ള വിഭജനശേഷം സംസ്ഥാനത്തിന്‍റെ ധനകാര്യസ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ ജഗൻ, സംസ്ഥാനത്തിന് കേന്ദ്രസഹായം അത്യാവശ്യമാണെന്നും പ്രധാനമന്ത്രിയോട് വ്യക്തമാക്കി. 

Scroll to load tweet…

''ആന്ധ്രാപ്രദേശിന്‍റെ വികസനമുൾപ്പടെ ചർച്ചയായി മികച്ച കൂടിക്കാഴ്ചയായിരുന്നു ആന്ധ്രാ നിയുക്ത മുഖ്യമന്ത്രി ജഗൻമോഹനുമായി നടത്തിയത്. കേന്ദ്രസർക്കാരിന്‍റെ എല്ലാ സഹായങ്ങളും ജഗനുണ്ടാകുമെന്ന് ഉറപ്പ് നൽകി'', കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 

ആന്ധ്രയ്ക്ക് പ്രത്യേകപദവി വേണമെന്ന പ്രചാരണത്തിലൂന്നിയായിരുന്നു ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്ഡിയുടെ പ്രചാരണം മുഴുവൻ. ഈ ആവശ്യം അംഗീകരിക്കുന്ന ഏത് മുന്നണിയെയും കണ്ണടച്ച് പിന്തുണയ്ക്കുമെന്നും ജഗൻ പ്രചാരണത്തിനിടെ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു തൂക്ക് സഭ വന്നാൽ ഈ ആവശ്യം മുന്നോട്ടു വച്ച് കൃത്യമായ വിലപേശൽ നടത്തുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു ജഗന്‍റെ വാക്കുകൾ. ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിൽ 22 സീറ്റുകളും സ്വന്തമാക്കിയത് ജഗൻമോഹന്‍റെ പാർട്ടിയായ വൈഎസ്ആർ കോൺഗ്രസ്. 

എന്നാൽ കേവലഭൂരിപക്ഷത്തിനുമപ്പുറം, 303 സീറ്റുകൾ ബിജെപി സ്വന്തമായി നേടിയ സ്ഥിതിക്ക് വൈഎസ്ആർ കോൺഗ്രസിനോ ജഗനോ പ്രത്യേകിച്ച് വിലപേശിയാലും ഒന്നും കിട്ടാൻ പോകുന്നില്ല. 

''ബിജെപി 250 സീറ്റിലോ മറ്റോ ഒതുങ്ങിയിരുന്നെങ്കിൽ ഞങ്ങൾക്ക് കേന്ദ്രസർക്കാരിനെ ഇത്ര ആശ്രയിക്കേണ്ടി വരില്ലായിരുന്നു.. ഇപ്പോൾ അവർക്ക് നമ്മളെ ആവശ്യമില്ല. എനിക്ക് നിലവിൽ ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തു'', കൂടിക്കാഴ്ചയ്ക്ക് ശേഷം ആന്ധ്രാഭവനിലെത്തിയ ജഗൻ മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു. 

കഴിഞ്ഞ അഞ്ച് വർഷക്കാലം കേന്ദ്രസർക്കാർ ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യം നിരാകരിച്ചിരുന്നു. ചന്ദ്രബാബു നായിഡു മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ നിവേദനത്തിന്, പുതിയ നിയമം അനുസരിച്ച് ഗിരി സംസ്ഥാനങ്ങൾക്ക് മാത്രമേ ഈ പദ്ധതിക്ക് നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യമടക്കമുള്ളതിലെ ഭിന്നത മൂലമാണ് കഴിഞ്ഞ വർഷം ചന്ദ്രബാബു നായിഡു എൻഡിഎ വിട്ടതും പിന്നീട് യുപിഎ ചേരിയിൽ എത്തിയതും. 

ആന്ധ്ര, തെലങ്കാന വിഭജനകാലത്ത് 2013-ലാണ് യുപിഎ സർക്കാർ ആന്ധ്രയ്ക്ക് പ്രത്യേക പദവി വാഗ്ദാനം ചെയ്യുന്നത്. ഒരു ഭാഗം സംസ്ഥാനം നഷ്ടമായതിനാലും തലസ്ഥാനമായ ഹൈദരാബാദ് പുതിയ സംസ്ഥാനത്തിന് നൽകിയതിനാലും ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാമെന്നായിരുന്നു വാഗ്ദാനം. 

ഇത് വലിയ രാഷ്ട്രീയവിവാദമായിരുന്നു സംസ്ഥാനത്ത്. അങ്ങനെയാണ് ആദ്യം ആന്ധ്രയിൽ കോൺഗ്രസിനും പിന്നീടിങ്ങോട്ട് ചന്ദ്രബാബു നായിഡുവിനും കാലിടറിയത്. 

''ചന്ദ്രബാബു നായിഡുവിനോട് എനിക്ക് ഒരു വിരോധവുമില്ല. ഞങ്ങളുടെ സർക്കാർ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും. ഒരു വർഷത്തിനുള്ളിൽ മറ്റേതൊരു സംസ്ഥാനസർക്കാരിനും ഉദാഹരണമായി നിൽക്കും ഈ സർക്കാർ'', ആന്ധ്രാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗൻ പറഞ്ഞു.