ആന്ധ്രയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിയെഴുതപ്പെട്ടേക്കുമെന്ന സൂചനകള്‍ നല്‍കുന്നതാണ് ജഗന്മോഹന്റെ പ്രഖ്യാപനം. 

വിജയവാഡ: കോണ്‍ഗ്രസുമായുള്ള ഒമ്പത് വര്‍ഷം നീണ്ട വൈരം അവസാനിപ്പിച്ചതായി സൂചന നല്‍കി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ എസ് ജഗന്മോഹന്‍ റെഡ്ഡി. കോണ്‍ഗ്രസിനോട് താന്‍ ക്ഷമിച്ചെന്നും തനിക്ക് ആരോടും പകയോ പരിഭവമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിയെഴുതപ്പെട്ടേക്കുമെന്ന സൂചനകള്‍ നല്‍കുന്നതാണ് ജഗന്മോഹന്റെ പ്രഖ്യാപനം. കോണ്‍ഗ്രസ് തന്നോടും തന്റെ പാര്‍ട്ടിയോടും കഴിഞ്ഞകാലങ്ങളില്‍ മോശമായി പെരുമാറിയതെല്ലാം താന്‍ മറന്നുകഴിഞ്ഞെന്നും അവരോട് ക്ഷമിച്ചെന്നും അദ്ദേഹം സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "എനിക്കാരോടും പകയില്ല, പ്രതികാരവും ചെയ്യേണ്ട. ഞാന്‍ അവരോട് മനസ്സുകൊണ്ട് ക്ഷമിച്ചുകഴിഞ്ഞു. എന്റെ സംസ്ഥാനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ആന്ധ്രയുടെ പ്രത്യേക പദവിയ്ക്കാണ് എന്റെ മുന്‍ഗണന." ജഗന്മോഹന്‍ പറഞ്ഞു.

വളരെക്കാലമായി വിശാല പ്രതിപക്ഷ സഖ്യത്തെ ഒരു കയ്യകലത്തില്‍ നിര്‍ത്തുകയും ബിജെപിയെ കടന്നാക്രമിക്കാതിരിക്കുകയും ചെയ്തുള്ള ജഗന്മോഹന്റെ നീക്കങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ജഗന്‍ ബിജെപിയുമായി രഹസ്യ ബന്ധത്തിലാണെന്ന് എതിരാളികളായ തെലുങ്ക് ദേശം പാര്‍ട്ടി ആരോപിക്കുകയും ചെയ്തു. എന്നാല്‍, ഈ വിമര്‍ശനങ്ങളെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് വൈരം മറന്ന് പുതിയ യുദ്ധതന്ത്രവുമായി ജഗന് രംഗത്തെത്തിയിരിക്കുന്നത്. 

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എതിരാളികളായ തെലുങ്ക് ദേശം പാര്‍ട്ടിയുമായി നിലവില്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ്. ആന്ധ്രയുടെ പ്രത്യേക സംസ്ഥാന പദവി വിഷയത്തില്‍ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞാണ് തെലുങ്ക് ദേശം പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നത്. ഈ സാഹചര്യത്തിലുള്ള ജഗന്മോഹന്‍ കോണ്‍ഗ്രസിനോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്നതിന് വലിയ രാഷ്ട്രീയപ്രാധാന്യമാണുളളത്. 

ഭരണത്തിലേറിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാനപദവി നല്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ജഗന്മോഹന് മനംമാറ്റമുണ്ടായതിനെ സ്വാഗതം ചെയ്യുന്നെന്ന് ആന്ധ്രയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. കോണ്‍ഗ്രസിലേക്ക് തിരികെയെത്താന്‍ സമയം വൈകിയിട്ടില്ലെന്നും നേതാക്കള്‍ ജഗനെ ഓര്‍മ്മിപ്പിച്ചു.