പാറ്റ്ന: ബീഹാറിലെ ബഗുസരായി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് വേണ്ടി പ്രചാരണം നടത്താൻ ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയെത്തി. വീടുകൾ തോറും കയറിയിറങ്ങിയ മേവാനി ബുധനാഴ്ച സൈക്കിളിലാണ് യാത്ര ചെയ്തത്. കനയ്യകുമാറിന്റെ ഗ്രാമമായ ബീഹാടിലെ സാധാരണക്കാരോട് നേരിട്ട് വോട്ട് ചോദിച്ചാണ് അദ്ദേഹം പ്രചാരണം നടത്തിയത്.

താൻ കനയ്യകുമാറിന്റെ ജയം ഉറപ്പിക്കാനാണ് എത്തിയിരിക്കുന്നതെന്ന് ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎൽഎ കൂടിയായ ജിഗ്നേഷ് മേവാനി പിന്നീട് ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങിനെതിരെയാണ് കനയ്യകുമാറിന്റെ പോരാട്ടം. ആ‍ര്‍ജെഡി തൻവീര്‍ ഹസനെ ഈ സീറ്റിൽ മത്സരിപ്പിച്ചേക്കും എന്നാണ് വിവരം. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ കനയ്യകുമാറിനൊപ്പം മണ്ഡലത്തിൽ തുടരാനാണ് ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന്റെ മുൻനിര നേതാവായിരുന്ന മേവാനിയുടെ തീരുമാനം.

"പട്ടേലിന്റെയും ഗാന്ധിയുടെയും ഗുജറാത്തിൽ നിന്ന് എന്റെ സുഹൃത്ത് വന്നിരിക്കുന്നു. ബഗുസരായിയിലെ ജനങ്ങളോട് ഗുജറാത്ത് മോഡലെന്ന മോദിയുടെയും അമിത് ഷായുടെയും വ്യാജ വികസന മോഡലിനെ തുറന്നുകാട്ടാൻ," എന്നാണ് കനയ്യകുമാര്‍ ട്വീറ്റ് ചെയ്തത്.

കനയ്യ കുമാര്‍ ഏപ്രിൽ ഏഴിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ആര്‍ജെഡി ഇനിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ബിജെപിയാകട്ടെ മണ്ഡലത്തിൽ ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ല.