പ്രധാനമന്ത്രിയുടെ എല്ലാ ഉദ്ഘാടന പരിപാടികളും അവസാനിപ്പിച്ചതിന് ശേഷമാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ
ദില്ലി: പ്രധാനമന്ത്രിയുടെ എല്ലാ ഉദ്ഘാടന പരിപാടികളും അവസാനിപ്പിച്ചതിന് ശേഷമാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കെ സി വേണുഗോപാൽ ന്യൂസ് അവർ ചർച്ചക്കിടെ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യുന്നില്ല, പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന് കോൺഗ്രസ് സംശയിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു. ജമ്മു കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉടൻ ഉണ്ടാകും എന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലോക്സഭയിൽ നൽകിയ ഉറപ്പാണ്. പക്ഷേ സുരക്ഷാ പ്രശ്നം പറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നില്ല. ലോക്‍സഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് സുരക്ഷാ പ്രശ്നം ഇല്ലാതാകുന്നതും നിയമസഭാ തെരഞ്ഞെടുപ്പിന് സുരക്ഷാ പ്രശ്നം ഉണ്ടാകുന്നതും എങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
ദില്ലി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ലോക്‍സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ നടത്താൻ തീരുമാനിച്ചതും പശ്ചിമബംഗാളിൽ നിരവധി ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തുന്നതുംസ്വാഭാവികമല്ല എന്ന നിരീക്ഷണത്തോടും കെ സി വേണുഗോപാൽ പ്രതികരിച്ചു. കേന്ദ്രസർക്കാർ ഇത്തരം ഏത് ശ്രമം നടത്തിയാലും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാകില്ലെന്ന് അദ്ദഹം പറഞ്ഞു. അഴിമതിയുടെ മൂടുപടമിട്ട് നിൽക്കുകയാണ് മോദി സർക്കാർ. ചെറുപ്പക്കാർ, സ്ത്രീകൾ, കൃഷിക്കാർ എന്നിവർക്ക് എതിരായ സർക്കാരാണിത് തെരഞ്ഞെടുപ്പിൽ അവരെല്ലാം മറുപടി നൽകുമെന്ന് കെ സി വേണുഗോപാൽ ന്യൂസ് അവറിൽ പറഞ്ഞു.
