കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീധരന്‍റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.  കെ മുരളീധരൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് മുമ്പാകെയാണ് പത്രിക നൽകുക.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയെയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ ഇതുസംബന്ധിച്ച സ്ഥിരീകരണങ്ങള്‍ വന്നിരുന്നെങ്കിലും ഒദ്യോഗിക പ്രഖ്യാപനം നീളുകയായിരുന്നു. എഐസിസിയുടെ വാര്‍ത്താക്കുറിപ്പിലാണ് വടകരയിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

രണ്ടേ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇതില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജമ്മുകശ്മീരിലെ അനന്ത് നാഗിനില്‍ നിന്ന് ഗുലാം അഹമ്മദും വടകരയില്‍ കെ മുരളീധരനും സ്ഥാനാര്‍ഥികളാകുമെന്നാണ് മുകുള്‍ വാസ്‌നിക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.