വടകരയിലെ നാഡീമിടിപ്പ് തനിക്കറിയാം. അക്രമരാഷ്ട്രീയത്തിന്‍റെ പ്രതീകമായ ഒരാളെ ലോക്സഭയിലേക്ക് പറഞ്ഞയക്കാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധി അവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്നും മുല്ലപ്പള്ളി 

ദില്ലി: വടകരയില്‍ കെ മുരളീധരന്‍ അനായാസ വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുരളീദരന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. വടകരയില്‍ ഏത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയും വിജയിപ്പിക്കുമെന്ന് വിശ്വാസം തനിക്കുണ്ട്. വടകരയിലെ നാഡീമിടിപ്പ് തനിക്കറിയാം. അക്രമരാഷ്ട്രീയത്തിന്‍റെ പ്രതീകമായ ഒരാളെ ലോക്സഭയിലേക്ക് പറഞ്ഞയക്കാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധി അവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്നും പി ജയരാജനെതിരെ വിമര്‍ശനം ഉന്നയിച്ച് മുല്ലപ്പള്ളി പറഞ്ഞു. 

അതേസമയം മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത് ഹൈക്കമാന്‍റിന്‍റെ അനുമതിക്ക് ശേഷമായിരിക്കും ഉണ്ടാകുക. അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടിവിലാണ് കോണ്‍ഗ്രസ് വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും താത്പര്യമില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. കെ പ്രവീണ്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി നിലവില്‍ വട്ടിയൂര്‍ക്കാവിലെ എംഎല്‍എ ആയ മുരളീധരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.