സുരേന്ദ്രന് കേസ് വിവരം പരസ്യം ചെയ്യാൻ 60 ലക്ഷം ചിലവാകും; പ്രചാരണത്തിന് 15 ലക്ഷമേ ഉപയോഗിക്കാനാവൂ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 16, Apr 2019, 11:13 AM IST
K Surendran case details advertisement 60 lakh election expenditure 15 lakh
Highlights

സ്ഥാനാർത്ഥിയുടെ പേരിലുള്ള മുഴുവൻ കേസ് വിവരങ്ങളും പത്രങ്ങളിൽ പരസ്യം ചെയ്യേണ്ടതുണ്ട്. മൂന്ന് തവണയായാണ് പത്രപരസ്യം നൽകേണ്ടത്. സുരേന്ദ്രനെതിരായ കേസുകളുടെ വിവരങ്ങൾ പത്രങ്ങളിൽ പരസ്യം ചെയ്താൽ പിന്നെ തെരഞ്ഞെടുപ്പ് ഫണ്ടിൽ ബാക്കിയാവുക 15 ലക്ഷം മാത്രം
 

തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭാ സീറ്റിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചിലവഴിക്കാനാവുക 15 ലക്ഷം മാത്രമെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് ചിലവഴിക്കാവുന്ന പരമാവധി തുക 75 ലക്ഷമാണ്. ഇതിൽ 60 ലക്ഷവും ഇദ്ദേഹത്തിന്റെ പേരിലുള്ള കേസുകൾ പരസ്യം ചെയ്യാൻ ആവശ്യമായി വരും. 

മൂന്ന് വട്ടം വിവിധ പത്രങ്ങളിൽ തങ്ങളുടെ പേരിലുള്ള കേസിന്റെ വിവരങ്ങൾ പരസ്യം ചെയ്യണം എന്നാണ് സുപ്രീം കോടതി നിർദ്ദേശം.  കെ.സുരേന്ദ്രനെതിരെ 242 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളുടെ വിവരങ്ങൾ ഒരു തവണ പത്രത്തിൽ പരസ്യപ്പെടുത്തണമെങ്കിൽ തന്നെ 20 ലക്ഷത്തോളം രൂപ ചെലവാകും.

മൂന്നു തവണ പരസ്യം ചെയ്യുമ്പോഴേക്കും തെരഞ്ഞെടുപ്പ് ഫണ്ടിലെ 60 ലക്ഷവും തീരും.  ഒരു പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാനുള്ള പരമാവധി തുക 75 ലക്ഷമാണ്. ഈ സാഹചര്യത്തിൽ ഈ നിർദേശം പാലിക്കാൻ സാധിക്കില്ലെന്ന്  ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് ബിജെപി പരാതി നൽകിയിട്ടുണ്ട്.

രണ്ട് തവണയാണ് പത്തനംതിട്ട സീറ്റിൽ കെ സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകളുടെ പൂർണ്ണ വിവരങ്ങൾ ആദ്യത്തെ നാമനിർദ്ദേശ പത്രികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കെ സുരേന്ദ്രനെതിരെ 240 കേസുകളുള്ള സാഹചര്യത്തിൽ സത്യവാങ്മൂലം  കൂടി ഉൾപ്പെടുത്തിയാണ് വീണ്ടും നാമനിർദ്ദേശപത്രിക നൽകിയത്.

പത്തനംതിട്ടയില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് അഭിപ്രായ സര്‍വ്വേ ഫലം. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് 20ശതമാനം, യുഡിഎഫ് 37 ശതമാനം, ബിജെപി 36 ശതമാനം വോട്ട് നേടുമെന്ന് സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങൾ അവലോകനം ചെയ്ത ശേഷമുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.

loader