ചെന്നൈ: മക്കൾ നീതി മയ്യം തലവൻ കമൽഹാസൻ ഹിന്ദു തീവ്രവാദി പരാമർശത്തിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്സെയാണെന്നുമാണ് കമൽഹാസൻ പറഞ്ഞത്. ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. 

മദ്രാസ് ഹൈക്കോടതിയിലാണ് കമൽഹാസൻ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. വിവാദ പരാമർശത്തിൽ കമൽഹാസനെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇത്തരം വിഷയങ്ങൾ ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാൻ തക്ക പ്രാധാന്യമുള്ളതല്ലെന്നും മുൻകൂർ ജാമ്യം വേണമെങ്കിൽ അതിനുള്ള ഹർജി കമൽഹാസന് സമർപ്പിക്കാമെന്നുമാണ് ഹൈക്കോടതി ഇന്ന് പറഞ്ഞത്.

ഈ പരാമർശത്തെ മുതലാക്കി മക്കൾ നീതി മയ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്താനാണ് അണ്ണാ ഡിഎംകെയും ബിജെപിയും ശ്രമിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞു. താൻ പറഞ്ഞത് സത്യമായ കാര്യമാണെന്നും ചരിത്രപരമായ വസ്തുതയാണെന്നും അതിൽ കളവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് കമൽഹാസൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് ബിജെപി നേതാക്കൾ വിമർശിച്ചത്. എന്നാൽ താൻ പ്രസ്താവന ഇനിയും ആവർത്തിക്കുമെന്നും ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയതെന്നും കമൽഹാസൻ പറഞ്ഞു. സത്യം മാത്രമേ ജയിക്കൂവെന്നും അദ്ദേഹം രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.