തിരുവനന്തപുരം: രാഹുലിന്റെ റോഡ് ഷോ കൊണ്ടൊന്നും വയനാട്ടിൽ ജയിച്ചു കയറാം എന്ന് യുഡിഎഫ് കരുതേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രൻ. വയനാട്ടുകാരുടെ പ്രശ്നങ്ങൾ മറ്റു പലതുമാണെന്നും സെഡ് പ്ലസ് കാറ്റ​ഗറി സുരക്ഷയിൽ കഴിയുന്ന രാഹുലിന് അതൊന്നും ഒരിക്കലും അറിയാൻ സാധിക്കില്ലെന്നും അദ്ദേഹം  പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്റെ നേതാവിനൊപ്പം എന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കാനം. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ എഡിറ്റർ എബി തരകനുമായി കാനം നടത്തിയ സംഭാഷണത്തിൽ നിന്നും... 

 • വയനാട്ടിലേക്കുള്ള രാഹുലിന്‍റെ വരവും അത് യുഡിഎഫ് ക്യാംപിലുണ്ടാക്കിയ ആവേശവും എങ്ങനെ കാണുന്നു

രാഹുലിനെ കാണാന്‍ വന്നതൊന്നും വയനാട്ടുകാരല്ല. മലപ്പുറത്തും  കോഴിക്കോട്ടും നിന്നും മറ്റും വന്നവരാണ് അവിടെ ബഹളമുണ്ടാക്കിയത്.  വയനാട്ടിലെ സാധാരണക്കാരായ വോട്ടര്‍മാരും കൃഷിക്കാരും ഈ ബഹളം കണ്ടു അന്തംവിട്ടിരിക്കുകയാണ്. 

 • നേരത്തെ പിണറായിയുടെ ദേശാടാനപക്ഷി പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു, താങ്കളും രാഹുലിനെ ദേശാടനപക്ഷിയാക്കി  പറയുന്നത് കേട്ടു. 

കുമരകമാണ് കേരളത്തിലെ പ്രധാന പക്ഷിനിരീക്ഷണകേന്ദ്രം. സൈബീരിയയില്‍ നിന്നു പോലും ഭക്ഷണം തേടി പക്ഷികള്‍ അവിടെയെത്താറുണ്ട്. അമേഠിയില്‍ നിന്നും അന്നം തേടി വയനാട് പോലൊരു റിമോട്ട് ഏരിയയില്‍ വരണമെങ്കില്‍ അത്രയേറെ വിശപ്പുണ്ടായിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.

 • അതൊരു തദ്ദേശീയവാദമല്ലേ ? വയനാട്ടില്‍ വയനാട്ടുകാര്‍ മാത്രം മത്സരിച്ചാല്‍ മതിയാവുമോ.. ? 

ഞാന്‍ തദ്ദേശീയവാദമൊന്നും ഉയര്‍ത്തുന്നില്ല. ഭരണഘടന അനുസരിച്ച് വോട്ടവകാശമുള്ള ആര്‍ക്കും 543 ലോക്സഭാ മണ്ഡലങ്ങളില്‍ സംവരണമണ്ഡലമൊഴിച്ച് എവിടേയും മത്സരിക്കാം. എന്നാല്‍ സ്ഥാനാര്‍ഥി മാത്രമേ പുറത്തു നിന്നും വരൂ. റോഡ് ഷോയ്ക്ക് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആളെ കൊണ്ടു വരുന്ന പോലെ വോട്ടര്‍മാരെ കൊണ്ടു വരാനാവില്ല. 

 • ബംഗാളില്‍ കോണ്‍ഗ്രസിനോട് ഇടതുപാര്‍ട്ടികള്‍ മുഖംതിരിച്ചതിനുള്ള പ്രതികാരമാണോ വയനാട്ടിലെ രാഹുലിന്‍റെ എന്‍ട്രി

സ്ഥാനാര്‍ത്ഥിത്വം കൊണ്ടു പ്രത്യേകിച്ച് കാര്യമില്ല. പ്രതികാരം തീര്‍ക്കണമെങ്കില്‍ ഇടതുസ്ഥാനാര്‍ത്ഥിയെ തോല്‍പിക്കുക കൂടി വേണമല്ലോ. അതിനെല്ലാം ഇനിയും സമയമുണ്ട്.

 • മോദിക്കെതിരെ ദേശീയതലത്തില്‍ ഒരുമിച്ചു നില്‍ക്കും എന്നു പറയുമെങ്കിലും സംസ്ഥാനത്ത് പരസ്പരം പോരടിക്കേണ്ട അവസ്ഥയാണ് ഇടതിനും കോണ്‍ഗ്രസിനും. സിപിഐ മത്സരിക്കുന്ന തിരുവനന്തപുരത്ത് ഗവര്‍ണര്‍ പദവി രാജിവച്ച കുമ്മനം മത്സരിക്കുന്നു, വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരുന്നു. ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും ഈ ശക്തിപ്രകടനത്തിന് ഇരയായത് സിപിഐ ആണോ... ? 

ഈ രണ്ട് സീറ്റിലും ഇടതുപക്ഷം ജയിക്കും. ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടില്‍ പോയിരുന്നു.  അവിടെ യോഗങ്ങളില്‍ പങ്കെടുത്തു. പ്രവര്‍ത്തകരെ അടുത്തു കണ്ടു. വിജയിക്കണം എന്ന ഇടതുപക്ഷ മനസ്സ് അവിടെ ശക്തമാണ്. അതാണ് തിരുവനന്തപുരത്തും കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ഉള്ള സ്ഥിതി. നരേന്ദ്രമോദിയുടെ ഭരണത്തോട് മാത്രമല്ല കോണ്‍ഗ്രസിന്‍റെ ഈ ചാഞ്ചാട്ടത്തിനും കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കും.

 • തിരുവനന്തപുരം മണ്ഡലത്തില്‍ സി.ദിവാകരന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന പരാതിയുണ്ട്.

‍ഞങ്ങളല്ലെങ്കില്‍ പിന്നെയാരാണ് സി.ദിവാകരന് പിന്തുണ കൊടുക്കുന്നത്. ദിവാകരന്‍ സ്ഥാനര്‍ത്ഥിത്വം പിന്‍വലിച്ചു എന്നൊക്കെ പറഞ്ഞ് നേരത്ത സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. സി.ദിവാകരന് തിരുവനന്തപുരത്തെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ അരനൂറ്റാണ്ടിലേറെ കാലത്തെ പരിചയമുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഒ.രാജഗോപാലിന് ലഭിച്ച വോട്ട്  ഇക്കുറി കുമ്മനത്തിന് കിട്ടില്ല. 

 • ഞങ്ങള്‍ക്ക് തന്ന അഭിമുഖത്തില്‍ കുമ്മനം പറഞ്ഞത് ഞാന്‍ രണ്ടു തവണ രണ്ടാമത്തെത്തി ഇനി ഒന്നാം സ്ഥാനം മാത്രമേ നോക്കുന്നുള്ളൂ എന്നാണ്

സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും സ്വാതന്ത്രമുള്ള രാജ്യത്ത് അതില്‍ഞാന്‍ തെറ്റു കാണുന്നില്ല. അദ്ദേഹത്തിന്‍റെ അങ്ങനെ എന്തുവേണമെങ്കിലും പറയാം. പക്ഷേ യഥാര്‍ത്ഥ്യം മറ്റൊന്നാണ്. 

 • നവോത്ഥാനം വേദികളില്‍ പ്രസംഗിക്കുന്നു എന്നല്ലാതെ അതൊരിക്കലും പ്രവൃത്തിയില്‍ വരുന്നില്ല എന്നൊരു ആക്ഷേപം ഇടതുപക്ഷത്തിനെതിരെയുണ്ട്. സിപിഎമ്മും സിപിഐയും വനിതാ സ്ഥാനാര്‍ഥികളെ പരിഗണിച്ചിട്ടില്ല എന്നൊരു ആക്ഷേപം ശക്തമാണ്.

വനിതാ സ്വാതന്ത്ര്യം എന്നൊക്കെ പറയുന്ന ഇന്ത്യയിലെ ഏത് പാര്‍ട്ടിയാണ് 21 വര്‍ഷമായി പെട്ടിയില്‍ കിടക്കുന്ന വനിതാ സംവരണബില്‍ പാസ്സാക്കാന്‍ മെനക്കെട്ടത്. ബിജെപി നടപ്പാക്കും എന്നു പറഞ്ഞു എന്നിട്ട് ചെയ്തോ. വനിതാ സംവരണ ബില്‍ പാസ്സാക്കാതെ സ്ത്രീകളുടെ എണ്ണം സഭയില്‍ കുറവാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 

 • നരേന്ദ്രമോദി യുദ്ധഭീതി ഉയര്‍ത്താന്‍ ശ്രമിക്കുന്നു എന്നാരെങ്കിലും പറയുന്നുവെങ്കില്‍ അത് തെറ്റില്ലെന്ന് താങ്കള്‍ ഈ അടുത്ത് പറഞ്ഞു.

സൈനികര്‍ക്കുള്ളത് രാഷ്ട്രീയമല്ല ദേശഭക്തിയാണ്. ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് ഏറ്റവും നല്ല അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത്. മോദി ഇപ്പോള്‍ ബഹിരാകാശത്തെക്കുറിച്ച് മാത്രമേ സംസാരിക്കൂ. അടിത്തട്ടില്‍ ഉള്ള ജനങ്ങളെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് അറിയില്ല. 

 • തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരുണ്യം മൂലമാണ് കഴിഞ്ഞതവണ സിപിഐയ്ക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെടാഞ്ഞത്. ഇപ്പോള്‍ ഒരൊറ്റ സീറ്റാണ് സിപിഐയ്ക്ക് ഉള്ളത്. എന്താണ് ഇക്കുറി സിപിഐയുടെ പ്രതീക്ഷ

ദേശീയതലത്തില്‍ വളരെ ശുഭപ്രതീക്ഷ വച്ചാണ് ഇക്കുറി സിപിഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാം എന്നാണ് വിശ്വാസം

 • കനയ്യകുമാര്‍ ജയിക്കുമോ..? 

കനയ്യകുമാര്‍ ശക്തമായ മത്സരമാണ് ബെഹ്സനായില്‍ നടത്തുന്നത്.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടരക്ഷത്തോളം വോട്ടുകള്‍ അവിടെ സിപിഐ നേടിയിരുന്നു. കനയ്യ വളരെ ശക്തനായ സ്ഥാനാര്‍ഥിയാണ്. പുതുതലമുറയുടെ പ്രതിനിധിയായി കനയ്യ ജയിച്ചു വരും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ

 • തൃശ്ശൂരില്‍ സുരേഷ് ഗോപി വന്നതോടെ മത്സരം കടുക്കുകയാണ്..

സുരേഷ് ഗോപി വന്നതോടെ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ക്ക് എളുപ്പമായി. താമര ചിഹ്നത്തിലെ വോട്ടുകളെല്ലാം സുരേഷ് ഗോപി പിടിച്ചോളും. അപൂര്‍വ്വമായി മാത്രമേ ബിജെപിക്കാര്‍ സ്വന്തം ചിഹ്നത്തില്‍ കുത്താറുള്ളൂ.

 • വിവാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക നല്‍കി, റോഡ് ഷോ നടത്തി പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു. മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ വയനാട്ടില്‍ എന്താണ് സിപിഐയുടെ പുതിയ തന്ത്രം...

റോഡ് ഷോ കണ്ട് വോട്ടു ചെയ്യുന്നവരാണോ കേരളത്തിലെ ജനങ്ങൾ. ഇന്നിപ്പോൾ റോഡ് ഷോ കഴിഞ്ഞ് അദ്ദേഹം ഉച്ചയ്ക്ക് തിരിച്ചു പോയി. ഇനി എന്നാണ് രാഹുൽ ​ഗാന്ധി തിരിച്ചു വരിക. പ്രധാനമന്ത്രിയെ നിർമ്മിച്ചെടുക്കാൻ താത്പര്യമുള്ള ആളല്ല വയനാട്ടുകാർ.  18 ശതമാനം പട്ടികജാതി വര്‍ഗ്ഗത്തില്‍പ്പെട്ട ജനങ്ങളുള്ള സ്ഥലമാണ് വയനാട്. അവര്‍ക്ക് ഈ സ്ഥാനാര്‍ഥിയെ ഒന്നു കാണാനോ തൊടാനോ കിട്ടുമോ.

 • പ്രധാനമന്ത്രിക്ക് വോട്ടു ചെയ്യണം എന്നു പറഞ്ഞാണ് യുഡിഎഫ് വയനാട്ടില്‍ വോട്ടു പിടിക്കുന്നത്. 

പ്രധാനമന്ത്രിയെ നിര്‍മ്മിച്ചെടുക്കുന്നവരല്ല വയനാട്ടുകാര്‍. വയനാട്ടില്‍ സാധാരണകൃഷിക്കാരും ആദിവാസികളുമാണുള്ളത്. അവരുടെ പ്രശ്നം മറ്റു പലതുമാണ്. രാഹുൽ ​ഗാന്ധി പ്രചാരണം തുടങ്ങുന്നുവെങ്കിൽ അത് മുത്തങ്ങയിൽ നിന്നായിക്കൂടെ. എകെ ആന്‍റണി ആദിവാസികളേയും കര്‍ഷകരേയും വെടിവെച്ചു കൊന്ന സ്ഥലമാണ്. ആ കൂട്ടക്കൊലയ്ക്ക് മാപ്പ് പറയാന്‍ രാഹുല്‍ തയ്യാറാവുമോ. 

 • സികെ ജാനുവുമായി നേരത്തെ ഇടതുപക്ഷം ചര്‍ച്ച നടത്തിയിരുന്നുവെന്നും അവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്നും മറ്റും വാര്‍ത്ത വന്നിരുന്നു. 

സികെ ജാനു മറ്റൊരു പാര്‍ട്ടിയിലാണ്. അവരിപ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പിന്തുണ നല്‍കുന്നുണ്ട്. വയനാട്ടിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടികളുമായി അവര്‍ സഹകരിക്കുന്നുണ്ട്. പിപി സുനീറിന് വേണ്ടി അവര്‍ പ്രചാരണം നടത്തുന്നുണ്ട്. സുധാകര്‍ റെഡഡ്ഡി പങ്കെടുത്ത പരിപാടിയില്‍ അടക്കം സികെ ജാനു പ്രസംഗിക്കുകയും സുനീറിനായി വോട്ടു തേടുകയും ചെയ്തിരുന്നു.