Asianet News MalayalamAsianet News Malayalam

വോട്ട് ചോദിച്ച് കണ്ണന്താനം കയറിയത് കോടതി മുറിയില്‍

ഈ സമയം കോടതി ചേരാനുള്ള സമയമായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു

Kannanthanam enters court room seeking vote, creates controversy
Author
Paravoor, First Published Mar 29, 2019, 8:34 AM IST

പറവൂര്‍: വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായി കോടതിയില്‍ കയറിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍. വോട്ടഭ്യർഥിക്കാൻ പറവൂരിലെത്തിയ എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥിയായ അൽഫോൻസ് കണ്ണന്താനം പറവൂർ അഡീഷണൽ സബ് കോടതി മുറിയിൽ കയറിയതാണ് വിവാദത്തിൽ. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. ബാർ അസോസിയേഷൻ പരിസരത്ത് വോട്ട് ചോദിച്ച് എത്തിയ സ്ഥാനാർഥി അവിടെ വോട്ടഭ്യർഥിച്ചശേഷം സമീപത്തുള്ള അഡീഷണൽ സബ് കോടതി മുറിയിലേക്ക്‌ കയറുകയായിരുന്നു.

ഈ സമയം കോടതി ചേരാനുള്ള സമയമായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാർഥി കോടതിമുറിയിൽ കയറിയതും വോട്ടർമാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം. എന്നാല്‍ കണ്ണന്താനം കോടതി മുറിയില്‍ കയറിയ സമയത്ത് ജഡ്ജ് കോടതിയില്‍ ഉണ്ടായിരുന്നില്ല.

ഇവിടെ നിന്ന്  പുറത്തിറങ്ങിയശേഷമാണ് ജഡ്ജിയെത്തിയത്. കോടതിമുറിയിൽ വോട്ടുതേടുക പതിവില്ലെന്നും കണ്ണന്താനം ചെയ്തത് ചട്ടലംഘനമാണെന്നും അഭിഭാഷകർ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി കൊടുക്കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാർ അസോസിയേഷൻ അറിയിച്ചു. സ്ഥാനാർഥിക്കൊപ്പം ബി.ജെ.പി. നേതാക്കളുമുണ്ടായിരുന്നു. കോടതിയിൽ കയറിയതല്ലാതെ വോട്ടഭ്യർഥിച്ചില്ലെന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നത്.

Follow Us:
Download App:
  • android
  • ios