Asianet News MalayalamAsianet News Malayalam

തമിഴ്‍നാട് സർക്കാർ വീഴുമോ? ലീഡ് മാറി മറിയുന്നു, ചങ്കിടിപ്പോടെ ഡിഎംകെയും അണ്ണാഡിഎംകെയും

തമിഴ്‍നാട്ടിൽ അണ്ണാ ഡിഎംകെ സർക്കാർ താഴെ വീഴുമോ എന്ന ആശങ്കയിലാണ് അണ്ണാ ഡിഎംകെ. ആദ്യം അണ്ണാ ഡിഎംകെ നില ഭദ്രമാക്കിയെങ്കിലും പിന്നീട് ലീഡ് നില മാറി മറിയുകയാണ്. 

karntaka and madhya pradesh government future is in stake
Author
Chennai, First Published May 23, 2019, 1:36 PM IST

ചെന്നൈ: കേവലഭൂരിപക്ഷം കിട്ടുമോ എന്നുറപ്പില്ലാതെ ആടിയാടി നിൽക്കുന്ന തമിഴ്‍നാട് സർക്കാരിന്‍റെ ഭാവി തുലാസ്സിലാക്കി മാറി മറിയുന്ന ലീഡ് നില. 22 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെയാണ് കൂടുതൽ സീറ്റുകളിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. കേവലഭൂരിപക്ഷം കിട്ടാൻ പത്ത് സീറ്റെങ്കിലും വേണ്ട അണ്ണാ ഡിഎംകെയ്ക്ക് ഇപ്പോൾ അത്ര സീറ്റുകളില്ല. 

തമിഴ്‍നാട് നിയമസഭയിലെ കക്ഷിനില:

 

ആകെ 234 സീറ്റുകളുള്ള തമിഴ്‍നാട് നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. എന്നാൽ ഇതിൽ 22 സീറ്റുകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. ഈ 22 ഒഴിവുകൾ വന്നതെങ്ങനെ? ഈ 22 സീറ്റുകൾ നിർണായകമാകുന്നതെങ്ങനെ? താഴെക്കാണുന്ന ദൃശ്യം തമിഴ്‍നാടിന്‍റെ രാഷ്ട്രീയചിത്രം പറയും:

karntaka and madhya pradesh government future is in stake

ആകെ തമിഴ്‍നാട് നിയമസഭയിൽ 234 സീറ്റുകളുണ്ട്. കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. അണ്ണാഡിഎംകെയ്ക്ക് തമിഴ്‍നാട് നിയമസഭയിൽ ഇപ്പോൾ 114 എംഎൽഎമാരുണ്ട്. ഇത് സ്പീക്കറുൾപ്പടെയുള്ള കണക്ക്.

ഇതിൽ 3 പേർ ടിടിവി ദിനകരന് തുറന്ന പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. 3 സ്വതന്ത്രരുണ്ട് തമിഴ്‍നാട് നിയമസഭയിൽ. ഇവർ അണ്ണാ ഡിഎംകെ പാളയത്തിലാണ്. അവർ ഏത് നിമിഷവും കളം മാറാൻ സാധ്യതയുണ്ട്. അതായത് 114 എന്ന കണക്ക് കടലാസിൽ മാത്രമേയുള്ളൂ. 108 പേരേ യഥാർത്ഥത്തിൽ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പമുള്ളൂ.

22 സീറ്റുകൾ ഒഴിവ് വന്നതിങ്ങനെയാണ്. ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചതിനാൽ 18 അണ്ണാ ഡിഎംകെ എംഎൽഎമാരെ സ്പീക്കർ പി ധനപാൽ അയോഗ്യരാക്കി. ബാലകൃഷ്ണറെഡ്ഡി എന്ന മന്ത്രി അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ അയോഗ്യനാക്കപ്പെട്ടു. കരുണാനിധിയുൾപ്പടെ 3 അംഗങ്ങൾ അന്തരിച്ചു. അങ്ങനെ 22 സീറ്റുകൾ.

ഈ 22 മണ്ഡലങ്ങളിൽ 21 സീറ്റുകളും അണ്ണാ ഡിഎംകെ സിറ്റിംഗ് സീറ്റുകളാണ്. പക്ഷേ 2014-ലെ കഥയും കാലവുമല്ല 2019. ജയലളിത അന്തരിച്ചു. സംസ്ഥാനത്ത് കനത്ത ഭരണവിരുദ്ധ വികാരം അലയടിച്ച് നിൽക്കുന്നു. ബിജെപിക്കൊപ്പം നിൽക്കുന്ന അണ്ണാ ഡിഎംകെയ്ക്ക് എതിരെ ജനവികാരം ശക്തം. 22 മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ 10 സീറ്റുകളെങ്കിലും അണ്ണാ ഡിഎംകെയ്ക്ക് കിട്ടണം. ഭരണം നിലനിർത്താനുള്ള മാന്ത്രികസംഖ്യയായ 118 തികയ്ക്കാൻ. 

ഡിഎംകെ സഖ്യകക്ഷികൾക്കായി 97 സീറ്റുകളുണ്ട് തമിഴ്‍നാട് നിയമസഭയിൽ. 118 കിട്ടാൻ അവർക്ക് 21 സീറ്റുകൾ വേണം. 21 സീറ്റുകൾ ഡിഎംകെയ്ക്ക് കിട്ടാതിരിക്കുകയും, 10 സീറ്റുകളിൽ അണ്ണാ ഡിഎംകെ ജയിക്കാതിരിക്കുകയും ചെയ്താൽ കിങ്മേക്ക‌ർ ടിടിവി ദിനകരനാകും.

എംഎൽഎമാരെ ഒപ്പം കൂട്ടി ടിടിവി നേതൃത്വമേറ്റെടുക്കും. അല്ലെങ്കിൽ ഡിഎംകെയ്ക്ക് ഒപ്പം ചേർന്ന് സർക്കാരിനെ മറിച്ചിടും. സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെയുമായി സഹകരിക്കണമെങ്കിൽ അത് ചെയ്യുമെന്നാണ് ടിടിവിയുടെ വിശ്വസ്തനും അയോഗ്യനാക്കപ്പെട്ട എംഎൽഎയുമായ തങ്കത്തമിഴ്‍സെൽവൻ പറഞ്ഞിരുന്നത്. അത് രാഷ്ട്രീയപരമായി ആത്മഹത്യാപരമാണ് ദിനകരന്. എംഎൽഎമാരെ ഒപ്പം കൂട്ടി ഭരണം പിടിക്കാൻ തന്നെയാകും ദിനകരന്‍റെ ആദ്യശ്രമം. 

Follow Us:
Download App:
  • android
  • ios