കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ അതീവ പ്രശ്ന ബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ പരിശോധിച്ച റിപ്പോർട്ട് ഇന്ന് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് കൈമാറും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരം 43 ബൂത്തുകളിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. പരിശോധനക്ക് നേതൃത്വം നൽകിയ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് വരണാധികാരികൂടിയായ കളക്ടർക്ക് റിപ്പോർട്ട് കൈമാറുക. പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് ഉടൻ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. 

ദൃശ്യങ്ങളിൽ അസ്വാഭാവികതയോ ബൂത്തിനകത്ത് അനധികൃതമായി ആളുകൾ പ്രവേശിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയും പരിശോധിക്കുന്നുണ്ട്.

കാസർഗോഡ് നിയമസഭാ മണ്ഡലത്തിലെ നാലും ഉദുമയിലെ മൂന്നും കാഞ്ഞങ്ങാട്ടെ പതിമൂന്നും തൃക്കരിപ്പൂരിലെ ഇരുപത്തിമൂന്നും ബൂത്തുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. ബൂത്ത് ലവൽ ഓഫീസർ, വെബ് സ്ട്രീമിംഗ് നടത്തിയ ടെക്നീഷ്യൻമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ സാങ്കേതിക വിദഗ്‍ധർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.

കാസർഗോഡ് പാർലമെന്‍റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പയ്യന്നൂർ - കല്യാശ്ശേരി മണ്ഡലങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നില്ല. കണ്ണൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഇവ പരിശോധിക്കുക.