സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിന് കര്‍ണാടകയുടെ ചുമതലയുണ്ട്. ഇതോടൊപ്പം സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റിയിലേക്കും രാഹുല്‍ ഗാന്ധി കെസിയെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആലപ്പുഴയിൽ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കാനുള്ള സാധ്യത കെസിക്കില്ല.  വയനാട് പോലെ സുരക്ഷിതമായ ഒരു മണ്ഡലത്തിൽ കെസിയെ മത്സരിപ്പിക്കാമെന്ന് കെപിസിസി അറിയിച്ചെങ്കിലും അദ്ദേഹം അതും നിരസിച്ചു.

ആലപ്പുഴ:ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. ആലപ്പുഴ സീറ്റിൽ മത്സരിക്കാൻ കെസി വേണു​ഗോപാലിന് മേൽ സംസ്ഥാന നേതൃത്വം സമ്മർദ്ദം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‌

ദില്ലിയിലിരുന്നു കൊണ്ട് താൻ ആലപ്പുഴയിൽ മത്സരിക്കുന്നത് അവിടുത്തെ ജനങ്ങളോട് കാണിക്കുന്ന നീതിക്കേടാണെന്ന് ദില്ലിയിൽ മാധ്യമങ്ങളെ കണ്ട കെസി വേണു​ഗോപാൽ പറഞ്ഞു. ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് പാർട്ടി തന്നെ ഏൽപിച്ചിട്ടുള്ളത്. ആലപ്പുഴയിൽ മത്സരിച്ചു കൊണ്ട് തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ആലപ്പുഴയിൽ പ്രചരണത്തിനായി കാര്യമായ സമയം കെസി വേണു​ഗോപാൽ മാറ്റി വയ്ക്കേണ്ടി വരും. എന്നാൽ നിലവിൽ അദ്ദേഹത്തെ ഏൽപിച്ച ഔദ്യോ​ഗിക ചുമതലകൾക്കിടയിൽ പ്രചരണത്തിനായി കാര്യമായ സമയം മാറ്റിവയ്ക്കാൻ കെഎസി വേണു​ഗോപാലിനാവില്ല. മാത്രമല്ല ജയിച്ചാലും ദില്ലിയിൽ നിന്നു കൊണ്ട് ആലപ്പുഴയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതിലെ പൊരുത്തക്കേടും മത്സരരം​ഗത്ത് നിന്നും മാറുന്നതിനുള്ള കാരണമായി കെസി വേണു​ഗോപാൽ ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പ് സമിതികളുടേയും സ്ക്രീനിം​ഗ് കമ്മിറ്റിയിലേക്ക് കെസി വേണു​ഗോപാലിനെ രാഹുൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം മുൻപ് ദില്ലിയിൽ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള സ്ക്രീനിം​ഗ് കമ്മിറ്റി ആരംഭിച്ചു കഴിഞ്ഞു. നാളെ രാവിലെ പതിനൊന്ന് മണിക്ക് കേരളത്തിന്റേയും പന്ത്രണ്ട് മണിക്ക് കർണാടകയുടേയും സ്ക്രീനിം​ഗ് കമ്മിറ്റി ചേരുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം സ്ഥാനാർഥി നിർണയത്തിലുണ്ടാവുന്ന ആശയക്കുഴപ്പവും തർക്കങ്ങളും പരിഹരിക്കേണ്ട ബാധ്യത കെസി വേണു​ഗോപാലിനുണ്ട്. അദ്ദേഹത്തെ ഏൽപിച്ചു കൊടുത്തകർണാടകയിൽ മുഴുവൻ സമയം ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.

ഇതു കൂടാതെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹമിപ്പോൾ. പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധി കഴിഞ്ഞാൽ സംഘടനാ തലത്തിൽ ഏറ്റവും പ്രധാനപ്പെട്ട പദവിയിലാണ് കെസി വേണു​ഗോപാൽ ഉള്ളത്. കർണാടകയിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ട പ്രതിസന്ധിയിൽ പ്രധാന പരിഹാരകനായി രാഹുൽ ആശ്രയിച്ചത് കെസി വേണു​ഗോപാലിനെയാണ്. ലോക്സഭാ തെര‍ഞ്ഞെടുപ്പ് കഴിഞ്ഞ് രൂപപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിൽ കെസി വേണു​ഗോപാലിന് കാര്യമായ റോളുണ്ടെന്ന് ദേശീയനേതൃത്വം വിലയിരുത്തുന്നു. 

നിലവിലെ ഉത്തരവാദിത്തങ്ങളിൽ ആലപ്പുഴയിൽ ക്യാംപ് ചെയ്യാനോ പ്രവർത്തിക്കാനോ വേണു​ഗോപാലിനാവില്ല ഇക്കാര്യം അദ്ദേഹം തുടക്കം തൊട്ട് സംസ്ഥാന നേതാക്കളെ അറിയിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വയനാട് പോലെ സുരക്ഷിതമായ ഒരു മണ്ഡലത്തിൽ കെസിയെ മത്സരിപ്പിക്കാനുള്ള സാധ്യത കെപിസിസി വേണു​ഗോപാലിനെ അറിയിച്ചിരുന്നു.. എന്നാൽ രാഹുൽ ​ഗാന്ധിയും സോണിയാ ​ഗാന്ധിയും ജ്യോതിരാതിദ്യ സിന്ധ്യയുമടക്കം പ്രധാന നേതാക്കളെല്ലാം ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ഒരു മുതിർന്ന നേതാവ് മുഴുവൻ സമയ ഏകോപനത്തിനായി എഐസിസി ആസ്ഥാനത്ത് ഉണ്ടാവേണ്ടതുണ്ട് എന്ന് കെസി വേണു​ഗോപാൽ ചൂണ്ടിക്കാട്ടുന്നു. 

എന്തായാലും കെസി വേണു​ഗോപാൽ മത്സരരം​ഗത്ത് നിന്നും മാറുന്ന സാഹചര്യത്തിൽ പകരം സ്ഥാനാർത്ഥിക്കായി ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മുൻകെപിസിസി അധ്യക്ഷൻ വിഎം സുധീരൻ, പിസി വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് എം.ലിജു, ഷാനിമോൾ ഉസ്മാൻ എന്നിവരെ ആലപ്പുഴയിൽ പാർട്ടി ഇപ്പോൾ പരി​ഗണിക്കുന്നുണ്ട്.