Asianet News MalayalamAsianet News Malayalam

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും കേരള കോൺഗ്രസ് എം വിട്ടുനിൽക്കുന്നു

കേരള കോൺഗ്രസ് എം വയനാട്ടിൽ ഇടതുമുന്നണിയെ സഹായിച്ചാൽ കോട്ടയത്ത് തിരിച്ചടിയുണ്ടാകുമെന്ന് ജേക്കബ് വിഭാഗം മുന്നറിയിപ്പ് നൽകി. 

Kerala Congress M not participating in Wayanadu UDF election campaign
Author
Wayanad, First Published Apr 1, 2019, 9:04 AM IST

വയനാട്: എഐസിസി പ്രസിഡന്‍റ് രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയായി എത്തിയിട്ടും യുഡിഎഫിന് വയനാട് മണ്ഡലത്തിൽ തലവേദന തീർന്നിട്ടില്ല. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് യുഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം പങ്കെടുത്തില്ല. ബൂത്ത് കമ്മിറ്റി രൂപീകരണ യോഗത്തിൽ നിന്നും കേരള കോൺഗ്രസ് വിട്ടു നിന്നു. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കേരള കോൺഗ്രസ് ഭരിക്കുന്നത്. പ്രാദേശിക സഹകരണം ഒഴിവാക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടിട്ടും കേരളാ കോൺഗ്രസ് തയ്യാറാകാത്തതാണ് തർക്കത്തിന് കാരണം.

കേരള കോൺഗ്രസ് എം വയനാട്ടിൽ ഇടതുമുന്നണിയെ സഹായിച്ചാൽ കോട്ടയത്ത് തിരിച്ചടിയുണ്ടാകുമെന്ന് ജേക്കബ് വിഭാഗം മുന്നറിയിപ്പ് നൽകി. ഇടതുമുന്നണിയുമായി സഹകരിക്കുന്ന ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടാൻ കെഎംമാണി തയ്യാറാകണമെന്നും ജേക്കബ് വിഭാഗം ആവശ്യപ്പെടുന്നു. പ്രശ്നത്തിൽ യുഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വയനാട് ജില്ലാ പ്രസിഡണ്ട് എം സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ഇതുവരെ കേരളാ കോൺഗ്രസ് സഹകരിച്ചിട്ടില്ല. എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളുമായി സഹകരിപ്പിക്കരുതെന്നും വയനാട് യുഡിഎഫിൽ ആവശ്യം ഉയരുന്നുണ്ട്.

Follow Us:
Download App:
  • android
  • ios