2006-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ വിജയിച്ച നേതാവാണ് വി എന്‍ വാസവന്‍. കോണ്‍ഗ്രസിന്‍റെ പ്രമുഖ സ്ഥാനാര്‍ത്ഥി അജയ് തറയിലിനെയാണ് അന്ന് വാസവന്‍ പരാജയപ്പെടുത്തിയത്.

കോട്ടയം: പാലാ എന്ന പ്രദേശത്തോട് എന്നും ചേര്‍ത്ത് വായിക്കപ്പെട്ട പേരാണ് കെ എം മാണി. മാണി സാറിന്‍റെ രാഷ്ട്രീയ വളര്‍ച്ചയ്‍ക്കൊപ്പമാണ് പാലായും കോട്ടയവും വളര്‍ന്നത്. മത്സര രംഗത്തിറങ്ങിയ അന്നുമുതല്‍ പരാജയം അറിയാത്ത കെ എം മാണിയുടെ തീരുമാനങ്ങളിലും കോട്ടയത്തുകാര്‍ക്ക് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. അതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച തോമസ് ചാഴിക്കാടന്‍. സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷമായ കോട്ടയത്ത് കെ എം മാണിയുടെ അവസാന വാക്കായിരുന്നു തോമസ് ചാഴികാടന്‍. ഉറച്ച ജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവനെ പരാജയപ്പെടുത്തിയതില്‍ തോമസ് ചാഴിക്കാടനെ തുണച്ചതും കെ എം മാണിയുടെ വ്യക്തിപ്രഭാവമാണെന്ന് പറയേണ്ടി വരും. 

2006-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ വിജയിച്ച നേതാവാണ് വി എന്‍ വാസവന്‍. കോണ്‍ഗ്രസിന്‍റെ പ്രമുഖ സ്ഥാനാര്‍ത്ഥി അജയ് തറയിലിനെയാണ് അന്ന് വാസവന്‍ പരാജയപ്പെടുത്തിയത്. വിദ്യാര്‍ത്ഥി സംഘടനയിലൂടെ പൊതുരംഗത്ത് പ്രവേശിച്ച വാസവന്‍ 1991-ൽ സി.പിഎം. ജില്ലാ കമ്മിറ്റി അംഗമായി. 1997-ൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി. സി.ഐ.ടി.യു. കോട്ടയം ജില്ലാ പ്രസിഡന്റ്, കാലടി സംസ്കൃത സർ‌വകലാശാല സിൻഡിക്കേറ്റ് അംഗം എന്നിങ്ങനെ നിരവധി പദവികളും വഹിച്ചിട്ടുള്ള വി എന്‍ വാസവന്‍ ജനകീയനായ നേതാവായിരുന്നു. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്‍ഡിഎഫ് വാസവന് മുന്‍ഗണന നല്‍കുകയും ചെയ്തു. ലോകസഭയിലേക്ക് കന്നിയങ്കത്തിന് എല്‍ഡിഎഫ് കണ്ടെത്തിയ വാസവന് അടിപതറിയതില്‍ പ്രധാന കാരണം മാണി സാറിന്‍റെ വാക്കിന് കോട്ടയത്തെ വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസമാണ്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഏറെ സസ്പെന്‍സ് കാത്തുസൂക്ഷിച്ച മണ്ഡ‍ലമായിരുന്നു കോട്ടയം. പിളരുന്തോറും വളരുമെന്ന് കെ എം മാണി തന്നെ വിശേഷിപ്പിച്ച കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വിവാദങ്ങളുടെയും രാഷ്ട്രീയ നീരസങ്ങളുടെയും പശ്ചാത്തലത്തില്‍ ആയിരുന്നു. സ്ഥാനാര്‍ത്ഥിയായി പി ജെ ജോസഫ് തന്നെ രംഗത്തിറങ്ങുമെന്ന് ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ച സാഹചര്യവും നിലനിന്നിരുന്നു. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മാണിസാറിന്‍റെ തീരുമാനം ചാഴികാടന് അനുകൂലമായിരുന്നു. ഇതില്‍ പ്രതിഷേധമറിയിച്ച പി ജെ ജോസഫ് കേരള കോണ്‍ഗ്രസുമായുള്ള ലയനത്തില്‍ തങ്ങള്‍ക്ക് ഗുണം ഉണ്ടായില്ലെന്നും ആരോപിച്ചു. ഒടുവില്‍ കെ എം മാണി തന്നെ ഇടപെട്ടാണ് ജോസഫിനെ അനുനയിപ്പിച്ചത്. 

കെ എം മാണിയുടെ മരണശേഷവും മാണി അനുകൂല വികാരം വോട്ടാക്കി മാറ്റാന്‍ കേരള കോണ്‍ഗ്രസിനും തോമസ് ചാഴിക്കാടനും സാധിച്ചു. ഒട്ടേറെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശേഷം വന്ന ജനവിധിയില്‍ തോമസ് ചാഴിക്കാടന്‍ 10,6259 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയമുറപ്പിക്കുമ്പോള്‍ മാണി സഹതാപം വീഴ്ത്തിയത് വി എന്‍ വാസവനെയാണ്. ചാഴിക്കാടന്‍റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ മാണി സാറിന്‍റെ ആത്മാവ് ഒപ്പമുണ്ടായതാണ് വിജയത്തിന് പിന്നില്‍ കരുത്തായത്.