കൊല്ലം: ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലത്ത് കഴിഞ്ഞ തവണത്തേതിൽ നിന്നും നാലിരട്ടി ലീഡോടെയാണ് എൻകെ പ്രേമചന്ദ്രൻ വെന്നിക്കൊടി പാറിച്ചത്.  പ്രേമചന്ദ്രനെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ പ്രചാരണ ആയുധങ്ങളെയെല്ലാം  കാറ്റിൽ‌ പറത്തിയായിരുന്നു വേട്ടെണ്ണലിന്റെ ഒരോ മണിക്കൂറുകൾ പൂർത്തിയാക്കിയപ്പോഴും അദ്ദേഹത്തിന്റെ ലീഡ് നില. കൊല്ലത്തെ 11 നിയമസഭാ മണ്ഡലങ്ങളിലും ജയിച്ചതിന്റെ കരുത്തിലാണ് ഇടതുപക്ഷം പ്രേമചന്ദ്രനെ നേരിടാനെത്തിയത്.

സംസ്ഥാന സെക്രട്ടേറിയേറ്റ് അം​ഗം കെ എൻ ബാല​ഗോപാലനിലൂടെ പോളിറ്റ് ബ്യൂറോ അം​ഗം എം എ ബോബിക്കേറ്റ പരാജയത്തിന്റെ തിരിച്ചടി നൽകാമെന്ന് സിപിഎം കണക്കു കൂട്ടി. ആക്രമണങ്ങളും വാക്ശരങ്ങളും അപ്രകാരം തന്നെയായിരുന്നു. ഒരു ഘട്ടത്തിൽ പ്രേമചന്ദ്രനെ സംഘി എന്ന് വിളിക്കാനും സിപിഎം അണികൾ മടി കാട്ടിയില്ല. എൻകെ പ്രേമചന്ദ്രനെ എതിരിടുക എന്ന അഭിമാന പ്രശ്നം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും അധികം പ്രചാരണ പൊതുയോഗങ്ങളിൽ പങ്കെടുത്തത് കൊല്ലത്തായിരുന്നു. 

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോഴാണ് പ്രേമചന്ദ്രന് ബിജെപിയുമായി ബന്ധമുണ്ടെന്നുള്ള ആരോപണം ഇടതുപക്ഷം ഉയർത്തിയത്. 44 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പ്രോജക്ട്  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ താന്‍ സംഘിയായെങ്കില്‍ പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി മൂന്ന് തവണ മാറ്റിവെച്ച പിണറായി വിജയനാണ് യാഥാര്‍ത്ഥ സംഘിയെന്നും അന്ന് പ്രേമചന്ദ്രൻ തിരിച്ചടിച്ചിരുന്നു.

പ്രേമചന്ദ്രന്റെ 'മോദി സ്നേഹമാണ്' പ്രചാരണ ആയുധമായി ഇടതുപക്ഷം ഉയർത്തിക്കാട്ടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണി വിട്ട ആര്‍എസ്പിക്കും എൻകെ പ്രേമചന്ദ്രനുമെതിരെ പിണറായി നടത്തിയ പരനാറി പ്രയോഗം വൻ വിവാദമായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്തും പ്രചാരണത്തിനിടെ പിണറായി അക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. 

ശബരിമല വിഷയത്തിലടക്കം എൻകെ പ്രേമചന്ദ്രന്‍റെ നിലപാട് മുൻനിര്‍ത്തി സംഘപരിവാര്‍ ബന്ധവും ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള സംഘി ആക്രമണങ്ങൾ ‌ഫലം കണ്ടില്ലെന്ന് തെളിയിക്കുന്ന ലീഡാണ് എൻകെ പ്രേമചന്ദ്രന് ലഭിച്ചത്. 

കൊല്ലം ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി വിജയിച്ചപ്പോൾ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സമാഹരിച്ചത് 13.50 %  വോട്ടാണ്. അതായത് 130672 വോട്ട്. പാര്‍ട്ടി സംവിധാനം അടക്കം പൂര്‍ണ്ണമായും കൊല്ലത്ത് കേന്ദ്രീകരിച്ചിട്ടും പ്രതീക്ഷയിൽ കവിഞ്ഞ തിരിച്ചടി ഇടത് മുന്നണിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.