Asianet News MalayalamAsianet News Malayalam

രാഹുൽജിക്ക് വയനാട് മത്സരിച്ചു കൂടെ? ചെന്നിത്തലയുടെ ചോദ്യത്തിന് രാഹുലിന്‍റെ മറുപടി

വയനാട് സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്നതിനിടെ  പകുതി കാര്യവും പകുതി തമാശയുമായി രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയോട് ചോദിച്ചു: 'രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?' 

KPCC leaders suggestd rahul gandhi to contest in Wayanadu loksabaha constituency
Author
Delhi, First Published Mar 18, 2019, 10:06 PM IST

ദില്ലി:വയനാട് സീറ്റിൽത്തട്ടി കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ത്രിശങ്കുവിലായിട്ട് ദിവസം നാലായി. ബാക്കിയെല്ലാ സീറ്റുകളിലും ഏകദേശ ധാരണ ആയിട്ടും വയനാട് സീറ്റിനെച്ചൊല്ലി രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് കോൺഗ്രസിൽ തുടരുന്നത്. വയനാട്ടിൽ ടി സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മൻചാണ്ടി. എന്നാലത് ഐ ഗ്രൂപ്പിന്‍റെ സിറ്റിംഗ് സീറ്റാണെന്ന നിലപാടിലാണ് ചെന്നിത്തല അടക്കമുള്ളവര്‍. സംസ്ഥാന നേതാക്കൾക്കിടയിലും സ്ക്രീനിംഗ് കമ്മിറ്റിയിലും തെരഞ്ഞെടുപ്പ് സമിതിയിലും അതിന് ശേഷം എഐസിസി പ്രതിനിധികളുടെ മധ്യസ്ഥതയിലും പലവട്ടം ചർച്ച നടന്നിട്ടും വയനാട് അഴിക്കുംതോറും മുറുകുകയാണ്.

സീറ്റ് തർക്കം പരിഹരിക്കാനുള്ള ചർച്ചയിൽ പല ഫോർമുലകൾ വന്നു, പല പേരുകളുയർന്നു. ഇടയ്ക്ക് ഉമ്മൻചാണ്ടി പരിഭവിച്ച് മടങ്ങി. പിന്നെയും തിരികെയെത്തി. ചർച്ചകൾ വഴിമുട്ടി നിൽക്കുന്നതിനിടെ ഒരു സൗഹൃദ സംഭാഷണത്തിനിടെയാണ് പകുതി കാര്യവും പകുതി തമാശയുമായി രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയോട് 'രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?' എന്ന് ചോദിച്ചത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഈ നേരത്ത് ചെന്നിത്തലക്ക് ഒപ്പമുണ്ടായിരുന്നു.

വയനാട്ടിൽ നിന്ന് രാഹുൽ മത്സരിച്ചാൽ കേരളത്തിൽ മാത്രമല്ല, കർണ്ണാടകയിലും അതിന്‍റെ ആവേശതരംഗം പ്രതിഫലിക്കുമെന്നും നേതാക്കൾ തമാശരൂപേണ പറഞ്ഞു. കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു കർണ്ണാടകയിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുൽ കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്‍റെ നിർദ്ദേശം. ഇതുകൂടി മനസിൽ വച്ചായിരുന്നു കേരള നേതാക്കൾ തമാശ രൂപത്തിലാണെങ്കിലും രാഹുലിന്‍റെ മനസറിയാൻ ഒന്നു ശ്രമിച്ചത്.

തമാശയാണെന്ന് മനസിലായെങ്കിലും രാഹുലിന്‍റെ മറുപടി ഗൗരവത്തിൽ തന്നെയായിരുന്നു. വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോൺഗ്രസിന്‍റെ ഒന്നാം നമ്പർ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും രാഹുൽ പറഞ്ഞു. പക്ഷേ ഉത്തർപ്രദേശിൽ മത്സരിക്കുന്നതിലാണ് തന്‍റെ ശ്രദ്ധ മുഴുവനെന്നും അമേഠിയിൽ നിന്നുതന്നെ മത്സരിക്കാനാണ് തീരുമാനമെന്നും രാഹുൽ പറഞ്ഞു. രാഹുലിന്‍റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചുപിരിഞ്ഞു. അതിന്മേൽ കൂടുതൽ ചർച്ചകൾ ഉണ്ടായതുമില്ല.

Follow Us:
Download App:
  • android
  • ios