തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നു എന്ന വാർത്ത വന്നിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. എന്നാൽ കേരളത്തിലേക്ക് എത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതേവരെ ഒരു പ്രതികരണത്തിന് രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല. അതേസമയം രാഹുൽ വയനാട് സീറ്റിൽ മത്സരിക്കാനുള്ള സാധ്യത മങ്ങുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. വയനാട് മത്സരിക്കുന്നതിലൂടെ രാഹുൽ ഗാന്ധി എന്ത് സന്തേശമാണ് നൽകുന്നത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യം ഇടത്, യുപിഎ ഘടകകക്ഷികൾ മാത്രമല്ല കോൺഗ്രസിലെ തന്നെ ഒരു വിഭാഗവും ഏറ്റെടുത്തു. ബിജെപിക്ക് സ്ഥാനാർത്ഥി പോലും ഇല്ലാത്ത ഒരു മണ്ഡലത്തിൽ കോൺഗ്രസ് പ്രസിഡന്‍റ് മത്സരിക്കുന്നതിനെതിരെ എഐസിസിയിൽ കടുത്ത അഭിപ്രായഭിന്നതയാണുള്ളത്.

നേരത്തേ എ, ഐ ഗ്രൂപ്പ് പോരിൽ ഇരു വിഭാഗവും വയനാട് വിട്ടുകൊടുക്കില്ലെന്ന കർശന നിലപാട് എടുത്തതോടെ സ്ക്രീനിംഗ് കമ്മിറ്റിയിലും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും എഐസിസി നേതൃത്വത്തിന് മുന്നിലും വയനാട് സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയായിരുന്നു. ഗ്രൂപ്പ് പോരിൽ തട്ടി വയനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അനന്തമായി നീണ്ട സാഹചര്യത്തിലാണ് കോൺഗ്രസ് പ്രസിഡന്‍റ് തന്നെ വയനാട്ടിൽ മത്സരിച്ചുകൂടേ എന്ന നിർദ്ദേശം കെപിസിസി നേതൃത്വം മുന്നോട്ട് വച്ചത്. അമേഠിയെ കൂടാതെ തെക്കേ ഇന്ത്യയിലെ മറ്റൊരു മണ്ഡലത്തിൽ നിന്നുകൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കോൺഗ്രസിനുള്ളിൽ അഭിപ്രായം ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത്. പക്ഷേ താൻ അമേഠിയിൽ നിന്നുതന്നെയാണ് മത്സരിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് അന്ന് രാഹുൽ ഗാന്ധി കെപിസിസി നേതാക്കളെ അറിയിച്ചത്.

ഇതിനിടെ സമവായ ചർച്ചകൾക്കൊടുവിൽ ടി സിദ്ദിഖിനെ വയനാട്ടിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്‍റിന്‍റെ അനൗദ്യോഗിക പ്രഖ്യാപനം വന്നതോടെ എഐസിസി സ്ഥാനാർത്ഥി പട്ടികയ്ക്ക് കാത്തുനിൽക്കാതെ ടി സിദ്ദിഖ് വയനാട്ടിലെത്തി പ്രചാരണവും തുടങ്ങി. ഈ ഘട്ടത്തിലാണ് വയനാട് സീറ്റിൽ മത്സരിക്കുന്ന കാര്യം രാഹുൽ ഗാന്ധി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി അറിയിക്കുന്നത്. ചെന്നിത്തലയും മുല്ലപ്പള്ളിയും ഈ വാർത്ത ഉറപ്പിക്കുന്ന മട്ടിൽ പ്രതികരിച്ചു. ടി സിദ്ദിഖ് പ്രചാരണ രംഗത്തുനിന്ന് പിന്‍മാറി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.

എന്നാൽ കേരളത്തില്‍  പ്രധാന മത്സരം നടക്കുന്നത് ഇടതുപക്ഷവും യുപിഎയും തമ്മിലാണെന്നും രാഹുൽ ഗാന്ധി വയനാട് സീറ്റിൽ വന്ന് മത്സരിച്ചാല്‍ പ്രതിപക്ഷ ഐക്യം എന്ന ആശയം ചോദ്യം ചെയ്യപ്പെടുമെന്നും കോൺഗ്രസ് ദേശീയനേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ നിലപാട് എടുത്തു. പിസി ചാക്കോ അടക്കമുള്ള നേതാക്കള്‍ ഇടതിനെ പിണക്കരുതെന്ന് രാഹുലിനോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു.  രാഹുൽ സ്ഥാനാര്‍ഥിയായാൽ പ്രതിപക്ഷ മുന്നണിയുടെ നേതൃപദവി കോണ്‍ഗ്രസിന് നൽകുന്ന കാര്യം പുനരോലോചിക്കുമെന്ന മുന്നറിയിപ്പ് സിപിഎം  കോൺഗ്രസിന് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ കേരളത്തിൽ ഇടതു മുന്നണിയുടെ ഭാഗമായ ജെഡിഎസും എന്‍സിപിയും ഇടതു പക്ഷത്തിനെതിരെ രാഹുൽ മല്‍സരിക്കുന്നതിനെതിരെ നിലപാട് എടുത്തു. ഇതോടെയാണ് രാഹുലിന്‍റെ കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലായത്.

എഐസിസി പ്രസിഡന്‍റിന്‍റെ വരവ് ത്രിശങ്കുവിലായതോടെ ആണ് രാഹുലിന്‍റെ വഴി മുടക്കുന്നതിൽ ഗൂ‍ഢാലോചന നടക്കുന്നു എന്ന വാദം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉയർത്തുന്നത്. രാഹുൽ വയനാട്ടിലെത്തുമെന്ന് ഇപ്പോഴും മുല്ലപ്പള്ളി ആവർത്തിക്കുന്നുണ്ടെങ്കിലും കെപിസിസി നേതൃത്വത്തിന് ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ല. രാഹുൽ കേരളത്തിലേക്ക് എത്തുമെന്ന് താൻ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് ഉമ്മൻചാണ്ടി കൈകഴുകുകയും ചെയ്തു. എന്നാൽ ഉമ്മൻചാണ്ടി അങ്ങനെ പറഞ്ഞതായി തനിക്കറിയില്ലെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

രാഹുൽ വരാതിരിക്കാൻ ദില്ലിയിൽ ചില പ്രസ്ഥാനങ്ങൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളിൽ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറയുന്നു. വയനാട്ടിൽ മത്സരിക്കാൻ വരരുത് എന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരി രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് കേരള നേതാക്കൾ ഉയർത്തുന്ന മറ്റൊരു പരാതി. രാഹുൽ വരുന്നതോടെ ഇടതുപക്ഷത്തിന്‍റെ ഉറക്കം കെട്ടിരിക്കുകയാണെന്നും രാഹുൽ കേരളത്തിൽ മത്സരിക്കാൻ വരരുതെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്നും മുല്ലപ്പള്ളി ചോദിക്കുന്നു. ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഏതായാലും രാഹുൽ ഗാന്ധിയുടെ വരവ് അനിശ്ചിതത്വത്തിൽ ആയതിന്‍റെ ഉത്തരവാദിത്തം കേരളത്തിൽ എൽഡിഎഫിന്‍റേയും ദേശീയ തലത്തിൽ യുപിഎയുടേയും ഭാഗമായ സഖ്യകക്ഷികളുടേയും സിപിഎമ്മിന്‍റേയും ചുമലിൽ ചാരി ഒഴിവാകാനാണ് ഇപ്പോൾ കെപിസിസിയുടെ ശ്രമം.

ടി സിദ്ദിഖ് വയനാട്ടിലെ മത്സര രംഗത്തുനിന്ന് പിന്‍മാറി ഒരാഴ്ച പിന്നിട്ടിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി ആരെന്ന് തീരുമാനം ആയിട്ടില്ല. പ്രചാരണ രംഗത്ത് ഇടത് സ്ഥാനാർത്ഥി പി പി സുനീറാകട്ടെ ബഹുദൂരം മുന്നിലെത്തുകയും ചെയ്തു. പാർലമെന്‍റ് മണ്ഡലം, നിയോജകമണ്ഡലം, പഞ്ചായത്ത് കൺവെൻഷനുകൾ പിന്നിട്ട് ഇടതുപക്ഷം ബൂത്തുതല കൺവെൻഷനുകൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. എൽഡിഎഫ് നേതാക്കളുടെ പ്രാദേശിക ജാഥകളും കോർണർ മീറ്റിംഗുകളും കുടുംബയോഗങ്ങളും ഭവനസന്ദർശനവും തുടങ്ങിക്കഴിഞ്ഞു. മണ്ഡലത്തിലാകെ പി പി സുനീറിനായി പ്രചാരണ സാമഗ്രികളും നിറഞ്ഞു. സ്ഥാനാർത്ഥിയുടെ ആദ്യഘട്ട മണ്ഡലം പര്യടനവും പൂർത്തിയായി.

അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് തീരുമാനം ആകാത്തതുകൊണ്ട് പോസ്റ്റർ, ചുവരെഴുത്ത് പ്രചാരണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തിലുള്ള പ്രചാരണപ്രവർത്തനങ്ങൾ യുഡിഎഫ് തുടങ്ങിയിട്ടില്ല. എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള അനൗൺസ്മെന്‍റ് വാഹനങ്ങൾ മണ്ഡലത്തിൽ തലങ്ങും വിലങ്ങും ഓടുമ്പോൾ യുഡിഎഫ് ക്യാമ്പ് പൊതുവെ നിശ്ചലമാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലേക്ക് പ്രവർത്തകർ എത്തുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിയില്ലാതെ പ്രചാരണം തുടങ്ങുതെങ്ങനെ എന്ന പ്രതിസന്ധിയിലാണ് യുഡിഎഫ് സംവിധാനം.

വയനാട് സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതുകൊണ്ട് വടകര സീറ്റിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും വൈകുകയാണ്. വടകര കെ മുരളീധരൻ പ്രചാരണം തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇനിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിലുള്ള അതൃപ്തി മുരളീധരനും എഐസിസിയെ അറിയിച്ചിട്ടുണ്ട്.  കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലാ നേതൃത്വങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടിയപ്പോൾ കുറച്ചുകൂടി കാത്തിരിക്കാനാണ് എഐസിസി  നൽകിയിരിക്കുന്ന നിർദ്ദേശം.