സിപിഎമ്മിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്നാണ് പലരും പറയുന്നത്. എങ്കില്‍ വയനാട്ടില്‍ മത്സരിക്കുന്ന രാഹുലിനെ പിന്തുണയ്ക്കുമോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.  

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് പരാജയ ഭീതികൊണ്ടാണെന്ന് കുമ്മനം രാജശേഖരന്‍. അമേഠിയില്‍ സ്മൃതി ഇറാനിയോട് തോല്‍ക്കുമെന്ന് ഭന്നാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ ആലോചിക്കുന്നതെന്ന് കുമ്മനം പരിഹസിച്ചു. 

അതേസമയം സിപിഎമ്മിനെ സംബന്ധിച്ച് നയം വ്യക്തമാക്കേണ്ട സമയമാണ്. സിപിഎമ്മിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്നാണ് പലരും പറയുന്നത്. എങ്കില്‍ വയനാട്ടില്‍ മത്സരിക്കുന്ന രാഹുലിനെ പിന്തുണയ്ക്കുമോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. 

സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കലാണ്. ബിജെപിയെ തോല്‍പ്പിക്കുക മാത്രമാണ് എന്ന് പറയുമ്പോള്‍ ആരാണ് ജയിക്കേണ്ടത് എന്ന് കൂടി സിപിഎം വ്യക്തമാക്കണം. വയനാട്ടില്‍ ജയിക്കേണ്ടത് രാഹുലാണോ എന്നും കുമ്മനം ചോദിച്ചു. മുഖ്യ എതിരാളി ബിജെപി ആകുകയും കേരളത്തിന് പുറത്തെല്ലാം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ചിത്രം വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.