Asianet News MalayalamAsianet News Malayalam

പിൻമാറിയിട്ടും കുമ്മനത്തിന്‍റെ പേര് വട്ടിയൂർക്കാവിൽ, മഞ്ചേശ്വരത്ത് സുരേന്ദ്രനടക്കം മൂന്ന് പേർ

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി പരിഗണനാ ലിസ്റ്റില്‍ ആദ്യപേരായി കുമ്മനത്തിന്‍റെ പേരാണ് കേന്ദ്ര കമ്മിറ്റിക്ക് അയക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
 

Kummanam Rajasekharan name in candidate possibility list
Author
Trivandrum, First Published Sep 22, 2019, 6:40 PM IST

തിരുവനന്തപുരം: മത്സരത്തിനില്ലെന്ന് അറിയിച്ചെങ്കിലും വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയില്‍ കുമ്മനം രാജശേഖരന്‍റെ പേരും ബിജെപി കോര്‍ കമ്മിറ്റി ഉള്‍പ്പെടുത്തി. കോര്‍ കമ്മിറ്റിക്ക് മുമ്പാകെ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും പാര്‍ട്ടി ഇത് തള്ളിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി പരിഗണനാ ലിസ്റ്റില്‍ ആദ്യപേരായി കുമ്മനത്തിന്‍റെ പേരാണ് കേന്ദ്ര കമ്മിറ്റിക്ക് അയക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന്‍റേതാകും. രണ്ട് ദിവസത്തിനകം അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കും. 

ബിജെപി വലിയ സാധ്യത കല്‍പ്പിക്കുന്ന മഞ്ചേശ്വരത്ത് ജില്ലാ പ്രസിഡന്‍റ് ശ്രീകാന്ത്, ബിജെപിയുടെ സംസ്ഥാന ഭാരവാഹി കൂടിയായ പി കെ കൃഷ്ണദാസ്, രവീശതന്ത്രി എന്നിവരുടെ പേര് ഉണ്ടെന്നാണ് സൂചന. കെ സുരേന്ദ്രന്‍റെ പേര് കോന്നിയിലും മഞ്ചേശ്വരത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബി ഗോപാലകൃഷ്ണന്‍, സി ജി രാജഗോപാല്‍ എന്നിവരുടെ പേരുകളുണ്ട്.

സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അംഗീകാരാത്തിനായി നല്‍കുമെന്നും രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥി പ്രഖ്യാപനം ദില്ലിയില്‍ ഉണ്ടാകുമെന്നുമാണ് എം ടി രമേശ് പറഞ്ഞത്. ജനവിശ്വാസം ഉള്ള സ്ഥാനാർത്ഥികൾ മത്സരിപ്പിച്ച് മണ്ഡലങ്ങള്‍ പിടിക്കാനാണ് ബിജെപിയുടെ ശ്രമം. നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായെന്ന് പറഞ്ഞ എം ടി രമേശ് ആരൊക്കെ മത്സരിക്കുമെന്ന് കേന്ദ്ര കമ്മിറ്റി പ്രഖ്യാപിക്കുമെന്നും പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന് മികച്ച സാധ്യതയെന്നാണ് ഒ രാജഗോപാല്‍ പറയുന്നത്. സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള അഭിപ്രായം പാര്‍ട്ടിയില്‍ അറിയിക്കുമെന്നും പാർട്ടി വിജയ സാധ്യത നോക്കി സ്ഥാനര്‍ത്ഥിയെ തീരുമാനിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. അതേസമയം ആരുടെയും സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുമ്മനം മത്സരിക്കില്ലെന്ന കാര്യം തനിക്ക് അറിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കുമ്മനത്തിന് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്.

ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോ​ഗത്തിൽ വട്ടിയൂർക്കാവിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നത് സംബന്ധിച്ച് തീരുമാനുണ്ടായിരുന്നു. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ടു ചോദിച്ചായിരുന്നു ജില്ലാ കമ്മിറ്റി അഭിപ്രായം തേടിയത്. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പിച്ചാല്‍ ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി വി രാജേഷ് എന്നിവര്‍ക്കായിരിക്കും സാധ്യത കൂടുതല്‍. 

2011-ലും 2016-ലും ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവിലേത്. കോണ്‍ഗ്രസ്-സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടുന്ന വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ രണ്ടുതവണയും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്‍റെ കെ മുരളീധരനാണ്. 

Follow Us:
Download App:
  • android
  • ios