തിരുവനന്തപുരത്ത് ത്രികോണ മത്സരമാണെന്ന് പറയുമ്പോഴും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ധാരണ എത്രത്തോളമുണ്ടെന്ന് വരും ദിവസങ്ങളില്‍ അറിയാമെന്നും കുമ്മനം 

തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത് ഒത്ത് തീര്‍പ്പും രാഷ്ട്രീയ കച്ചവടവുമെന്ന് കുമ്മനം രാജശേഖരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സിപിഎം, കോണ്‍ഗ്രസിന് വോട്ട് മറിച്ച് കൊടുത്തു. ഇതിന്‍രെ പേരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടി എന്‍ സീമയ്ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നില്ലേ എന്നും കുമ്മനം ചോദിച്ചു. 

തിരുവനന്തപുരത്ത് ത്രികോണ മത്സരമാണെന്ന് പറയുമ്പോഴും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ധാരണ എത്രത്തോളമുണ്ടെന്ന് വരും ദിവസങ്ങളില്‍ അറിയാം. കേരളത്തിന്‍റെ അതിര്‍ത്തിക്ക് അപ്പുറം, തമിഴ്നാട്ടില്‍ അവര്‍ കൈകോര്‍ക്കുന്നുണ്ട്. അവര്‍ തോല്‍പ്പിക്കാന്‍ മത്സരിക്കുമ്പോള്‍ ബിജെപി ജയിക്കാനാണ് മത്സരിക്കുന്നത്. 

അവര്‍ കളിക്കുന്നത് നെഗറ്റീവ് പൊളിറ്റിക്സ് ആണ്. എന്നാല്‍ ബിജെപിക്ക് രാഷ്ട്രീയം ക്രിയാത്മകവും ഭാവാത്മകവുമാണ്. കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും എംഎല്‍എമാരാണ് മത്സരിക്കുന്നത്. കീശയില്‍ ഉള്ളത് പോകാതെ ഉത്തരത്തിലുള്ളത് പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.