കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തില്‍ നിലവിലെ എംപിയായിരുന്ന മുതിര്‍ന്ന നേതാവ് കെ വി തോമസിനെ മാറ്റിയാണ് എംഎല്‍എയായ ഹെെബി ഈഡനെ യുഡിഎഫ് പരീക്ഷിക്കുന്നത്. മണ്ഡലത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ബന്ധങ്ങളുണ്ടായിരുന്ന കെ വി തോമസ് വളരെ വെെകാരികമായാണ് ഈ വിഷയത്തില്‍ ആദ്യ പ്രതികരണം നടത്തിയത്.

പിന്നീട് ഹെെബിക്കൊപ്പം നിന്നെങ്കിലും സിപിഎം അടക്കം കരുതിയത്  കെ വി തോമസ് തന്‍റെ ശക്തികേന്ദ്രങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ മറിക്കുമെന്നാണ്. ഏഴ് പ്രാവശ്യം ജയിച്ചത് എന്റെ തെറ്റല്ലെന്നാണ് കെ വി തോമസ് സീറ്റ് നഷ്ടത്തില്‍ ആദ്യം പ്രതികരിച്ചത്. താന്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ലെന്ന് കെ വി തോമസ് പറഞ്ഞു.

മുന്നോട്ട് രാഷ്ട്രീയ പ്രവര്‍ത്തനം തുടരും. പക്ഷേ ചെറിയൊരു  സൂചന പോലും തരാതിരുന്നത് മോശമായി പോയി. പാര്‍ട്ടിക്ക് പറയാമായിരുന്നുവെന്ന് കെ വി തോമസ് അന്ന് പറഞ്ഞു. പിന്നീട് ദേശീയ നേതൃത്വത്തിന്‍റെ ഇടപെടലോടെ കെ വി തോമസിനെ സാന്ത്വനിപ്പിക്കാന്‍ സാധിച്ചെങ്കിലും വോട്ടില്‍ ഒരു തോമസ് മാഷ് ഇഫക്ട് പ്രതിഫലിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചത്.

എന്നാല്‍, ഹെെബി അടങ്ങുന്ന യുവ കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ ഗുരുവായി കാണുന്ന കെ വി തോമസ് കാലുവാരുമെന്ന എതിരാളികളുടെ വിശ്വാസം അസ്ഥാനത്തായി. തങ്ങളുടെ കോട്ടയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന എറണാകുളത്ത് പോളിംഗ് ശതമാനം ഉയർന്നതാണ് മുന്നണികൾ ഉദ്യോഗത്തോടെ നോക്കിയത്.  

യുഡിഎഫ് ശക്തികേന്ദ്രങ്ങളിലടക്കം ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയാണ് എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നിര്‍ണായകമായത്. ഒപ്പം വെല്ലുവിളിയാകാന്‍ രാജീവിന് സാധിക്കാത്തും എല്‍ഡിഎഫിന് തിരിച്ചടിയായി.