കൊച്ചി: വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതോടെ എല്ലാ മണ്ഡലങ്ങളും യു‍ഡിഎഫ് നേടുമെന്നും കോൺഗ്രസ് നേതാവ് കെ വി തോമസ്. ഇടതു പക്ഷത്തിന്‍റെ എതിർപ്പ് തിരിച്ചടിയാവില്ല. കൂടുതൽ സീറ്റ് നേടി ആര് രാജ്യത്തെ നയിക്കും എന്നതാണ് പ്രധാനെന്നും കെ വി തോമസ് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടത് പക്ഷത്തിന് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താൻ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയൻ. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകും. മത്സരം പ്രതീകാത്മകമാണെങ്കിൽ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി  പറഞ്ഞു. 

രാഹുൽ വരുന്നെന്ന അഭ്യൂഹം ഉയര്‍ന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നിരുന്നു. വൈകിയെങ്കിലും പ്രഖ്യാപനം വന്നതിൽ വലിയ ആവേശമാണ് ഇപ്പോൾ കോൺഗ്രസ് യുഡിഎഫ് വൃത്തങ്ങൾ പങ്കുവയ്ക്കുന്നത്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തിൽ ഗുണം ചെയ്യില്ലെന്ന വിമര്‍ശനം ഇടത് പക്ഷം പങ്കുവച്ചിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് വയനാട്ടിൽ തന്നെ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനം എടുത്തത്.