Asianet News MalayalamAsianet News Malayalam

മോദിയെ പുകഴ്ത്തി, രാഹുലിന് അപ്രിയനായി; കെ വി തോമസിന് സീറ്റ് പോയതെങ്ങനെ?

സ്വന്തം പാർട്ടിയിലെ നേതാക്കളുമായി ആശയ വിനിമയം നടത്തുന്നതിനേക്കാൾ കംഫർട്ടബിൾ ആയി മോദിയോട് ഇടപെടാൻ കഴിയുന്നുണ്ടെന്നും മോദി മികച്ച ഭരണാധികാരിയാണെന്നുമായിരുന്നു കെ വി തോമസിന്‍റെ പുകഴ്ത്തൽ.
 

kv thomas will not be the congress candidate from ernakulam because of the disappointment of rahul gandhi on k v thomas
Author
Kochi, First Published Mar 17, 2019, 8:26 AM IST

കൊച്ചി: കോൺഗ്രസ് ഹൈക്കമാന്‍റിന് ഏറെ പ്രിയങ്കരനായിരുന്ന കെ വി തോമസിനോട് രാഹുൽ ഗാന്ധിക്കുണ്ടായ അനിഷ്ടമാണ് എറണാകുളം സീറ്റ് നഷ്ടമാക്കിയത്. കൊച്ചിയിൽ നടന്ന മാനേജ്മെന്‍റ് വിദഗ്ധരുടെ ദേശീയ സമ്മേളനത്തിൽ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചത് കെ വി തോമസിന് തിരിച്ചടിയായി. 

കരുണാകരന്‍റെ വലംകൈയായെത്തിയാണ് കെ വി തോമസ് ദില്ലിയിൽ ഐ ഗ്രൂപ്പിന്‍റെ ശക്തമായ സാന്നിധ്യമായി മാറുന്നത്. കരുണാകരന് വേണ്ടി ഹൈക്കമാന്‍റിൽ പല കാര്യങ്ങളിലും ഇടപെട്ടതിലൂടെ സോണിയാ ഗാന്ധിയുമായും കെ വി തോമസ് അടുപ്പം സ്ഥാപിച്ചു. ഈ അടുപ്പം കഴിഞ്ഞ മോദി മന്ത്രിസഭയിൽ പ്രതിപക്ഷത്തിന് ലഭിച്ച പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷ പദവി നൽകുന്നത് വരെ കെ വി തോമസ് നിലനിർത്തി. 

എന്നാൽ, കോൺഗ്രസ് നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി രംഗപ്രവേശം ചെയ്തതോടെ കെ വി തോമസിന്‍റെ ഹൈക്കമാൻഡിലുള്ള പിടി അയയുകയായിരുന്നു. രാഹുൽ ഗാന്ധിക്ക് കെ വി തോമസുമായി പല വിഷയങ്ങളിലും താൽപ്പര്യക്കുറവുണ്ടായിരുന്നു. ദില്ലിയിൽ ബിജെപിയുമായും അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷായുമായും കെ വി തോമസ് അടുത്ത ബന്ധമാണ് പുലർത്തിയത്. 

ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കെ വി തോമസിനുള്ള ഈ ബന്ധം രാഹുൽ ഗാന്ധി അടക്കമുള്ളവർ സംശയത്തോടെയാണ് കണ്ടത്. ഇതിനിടയിലാണ് കൊച്ചിയിൽ നടന്ന മാനേജ്മെന്‍റ് വിദഗ്ധരുടെ ദേശീയ സമ്മേളനത്തിൽ നരേന്ദ്രമോദിയെ പ്രകീർത്തിച്ചുള്ള കെ വി തോമസിന്‍റെ പ്രസംഗം. സ്വന്തം പാർട്ടിയിലെ നേതാക്കളുമായി ആശയ വിനിമയം നടത്തുന്നതിനേക്കാൾ കംഫർട്ടബിൾ ആയി മോദിയോട് ഇടപെടാൻ കഴിയുന്നുണ്ടെന്നും മോദി മികച്ച ഭരണാധികാരിയാണെന്നും കെ വി തോമസ് പുകഴ്ത്തി. 

വിവാദ പ്രസംഗത്തിൽ കെ വി തോമസ് പാർട്ടിക്ക് മറുപടി നൽകിയെങ്കിലും അപ്പോഴേക്കും രാഹുൽ ഗാന്ധിയുടെ കണ്ണിലെ കരടായി തോമസ് മാറിയിരുന്നു. എറണാകുളത്ത് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ കെ വി തോമസിന് ഇത്തവണ സീറ്റുണ്ടാകില്ലെന്ന ചർച്ചകൾ സജീവമായിരുന്നു.1984 മുതൽ മത്സരരംഗത്തുള്ള കെ വി തോമസ് പി രാജിവിനോട് മത്സരിച്ചാൽ സീറ്റ് നഷ്ടമാകുമെന്നും ചർ‍ച്ചകൾ വന്നു.

എന്നാൽ ദില്ലിയിലെ തന്‍റെ ബന്ധവും ഒപ്പം ക്രൈസ്തവ സഭകളുമായുള്ള സാന്നിധ്യവും ചൂണ്ടിക്കാട്ടി സീറ്റ് ഉറപ്പാക്കമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ രാഹുൽ ഈ പ്രതീക്ഷ തെറ്റിക്കുകയാണ്. സീറ്റ് നിഷേധിച്ചാലും മാന്യമായി വിടവാങ്ങലിന് കോൺഗ്രസ് അവസരമൊരുക്കുമെന്നായിരുന്നു സംസ്ഥാന കോൺഗ്രസ് നൽകിയ സൂചന. 

ഇത്തരമൊരു ചർ‍ച്ച കെ വി തോമസുമായി നടത്തിയെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല. രാഹുലിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സുമായി മാനസികമായി അകന്ന കെ വി തോമസിന്‍റെ ഇനിയുള്ള രാഷ്ട്രീയ നീക്കം നിർണ്ണായകമാണ്. ദില്ലിയിൽ വിപുലമായ സ്വാധീനമുള്ള കെ വി തോമസ് കോൺഗ്രസ് വിട്ടുള്ള പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് തുനിയാനുള്ള സാധ്യത ഏറെയാണ്.

Follow Us:
Download App:
  • android
  • ios